കേരളം പ്രീക്വാര്‍ട്ടറില്‍; സഞ്ജുവിന്റെയും സച്ചിന്‍ ബേബിയുടെയും വെടിക്കെട്ട്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മൂന്നാം വിജയവുമായി കേരളം. വിജയത്തോടെ കേരളം പ്രീക്വാർട്ടറിലേക്ക് കടന്നു. വെങ്കടേഷ് അയ്യരും ആവേശ് ഖാനും അണിനിരന്ന മധ്യപ്രദേശിനെ എട്ടു വിക്കറ്റിനാണ് കേരളം തകർത്തത്. മധ്യപ്രദേശ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 18 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് അർധ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും, സച്ചിൻ ബേബിയുമാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്.

വിജയത്തോടെ കേരളത്തിന് ഗ്രൂപ്പ് ഡിയിൽ അഞ്ച് കളികളിൽനിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനം നേടിയാണ് പ്രീക്വാർട്ടറിലെത്തിയത്. 16 പോയിന്റുമായി ഗുജറാത്താണ് മുന്നിൽ. ഇതോടെ ഗുജറാത്ത് നേരിട്ട് ക്വാർട്ടറിലേക്ക് കടന്നു. മധ്യപ്രദേശിനും 12 പോയിന്റുണ്ടെങ്കിലും നേർക്കുനേർ പോരാട്ടത്തിൽ കേരളത്തോട് തോറ്റതോടെ മധ്യപ്രദേശ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

സച്ചിൻ ബേബി 27 പന്തിൽ നിന്ന് മൂന്ന് സിക്സും നാലു ഫോറുമടക്കം 51 റൺസോടെ പുറത്താകാതെ നിന്നപ്പോൾ സഞ്ജു 33 പന്തിൽ നിന്ന് മൂന്ന് സിക്സും നാലു ഫോറുമടക്കം 56 റൺസടിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഓപ്പണർമാരായ രോഹൻ കുന്നുമ്മൽ (29), മുഹമ്മ് അസ്ഹറുദ്ദീൻ (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഓപ്പണിങ് വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് മധ്യപ്രദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു.
അർധ സെഞ്ചുറി നേടിയ രജത് പാട്ടിദാറാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറർ. 49 പന്തുകൾ നേരിട്ട താരം ഏഴു ഫോറും മൂന്നു സിക്സുമടക്കം 77 റൺസെടുത്തു. കുൽദീപ് ഗേഹി (31), ക്യാപ്റ്റൻ പാർത് സഹാനി (32) റൺസും നേടി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply