‘മുല്ലപ്പെരിയാർ ഡെർബി’യിൽ കേരളത്തിന് പരാജയം.

സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ഇന്നു നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരളത്തിനെ തമിഴ്നാട് പരാജയപ്പെടുത്തി. കേരളം ഉയർത്തിയ 182റൺസ് വിജയം ലക്ഷ്യമാക്കി ഇറങ്ങിയ തമിഴ്നാട് തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. കൃത്യമായ റൺ റേറ്റ് ഓരോ ഓവറുകളിലും സൂക്ഷിക്കാൻ തമിഴ്നാട് ബാറ്റർമാർക്ക് സാധിച്ചതോടെ കേരളത്തിന് മത്സരം കൈവിട്ടിരുന്നു. 3 പന്തുകൾ ബാക്കി നിർത്തി 5 വിക്കറ്റിന്റെ വിജയതോടെയാണ് തമിഴ്നാട് സെമി യോഗ്യത നേടിയത്. ഇതോടെ കേരളം സെമി കാണാതെ ടൂർണ്ണമെന്റിൽ നിന്നും പുറത്തായി.

31 പന്തിൽ 46 റൺസ് നേടിയ സായി സുദർശനാണ് തമിഴ്നാടിന്റെ ടോപ് സ്‌കോറർ. കൂടാതെ ഹരി നിഷാന്ത് 22 പന്തിൽ 32 റൺസും, സഞ്ജയ് യാദവ് 22 പന്തിൽ 32 റൺസും, വിജയ് ശങ്കർ 26 പന്തിൽ 33 റൺസും നേടി. കേരളത്തിന് വേണ്ടി മനുകൃഷ്ണൻ മൂന്നും, ആസിഫ്, മിഥുൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കേരളത്തിന് 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടാൻ സാധിച്ചു. വിഷ്ണു വിനോദ് നടത്തിയ തകർപ്പൻ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. പുറത്താവാതെ നിന്ന വിഷ്ണു വിനോദ് 26 പന്തിൽ 65 റൺസ് നേടി. 2 ബൗണ്ടറിയും, 7 സിക്സും അടങ്ങുന്നതാണ് വിഷ്ണുവിന്റെ ഇന്നിങ്സ്. രോഹൻ കുന്നുമ്മൽ 43 പന്തിൽ 51 റൺസും, സച്ചിൻ ബേബി 32 പന്തിൽ 33 റൺസും, അസറുദീൻ 14 പന്തിൽ 15 റൺസും നേടിയപ്പോൾ പുറത്താവാതെ നിന്ന സജീവൻ അഖിൽ 4 പന്തിൽ 9 റൺസും നേടി. എന്നാൽ സഞ്ജു സാംസൺ നേരിട്ട രണ്ടാം പന്തിൽ തന്നെ പൂജ്യത്തിന് പുറത്തായി. തമിഴ്നാടിന് വേണ്ടി സഞ്ജയ് യാദവ് രണ്ടും, മുരുഗൻ അശ്വിൻ, മുഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply