ടി-ട്വന്റി ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ വിജയം. ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനോടും, ന്യൂസിലന്റിനോടും പരാജയപ്പെട്ട ഇന്ത്യ ഇന്നു അഫ്ഘാനിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. ഇന്നു വൈകിട്ടോടെ അബുദാബിയിൽ നടന്ന മത്സരത്തിൽ 66 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യമായ 211 റൺസും ലക്ഷ്യമാക്കി ഇറങ്ങിയ അഫ്ഘാനിസ്ഥാനു 144 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. ഇന്ത്യക്കായി ഷമി മൂന്നും, അശ്വിൻ രണ്ടും, ബുമ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.
നേരത്തെ ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ഓപ്പണർമാരായ രോഹിത് ശർമ്മയും, കെ.എൽ. രാഹുലും നൽകിയ മികച്ച തുടക്കമാണ് ഇന്ത്യൻ സ്കോറിന്റെ അടിത്തറ. രോഹിത് 47 പന്തിൽ 74 റൺസും, രാഹുൽ 48 പന്തിൽ 69 റൺസുമായി കളം നിറഞ്ഞാടി. 140 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നു നേടിയത്. ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേടാൻ പതിനഞ്ചാം ഓവർ വരെ അഫ്ഘാനിസ്ഥാനു കാത്തിരിക്കേണ്ടി വന്നു. തുടർന്ന് രോഹിതും, രാഹുലും പുറത്തായെങ്കിലും പിന്നീടെത്തിയ പന്തും(27 റൺസ്) ഹർദിക് പാണ്ട്യയും(35 റൺസ്) കൂറ്റനടികൾ തുടർന്നതോടെ ഇന്ത്യൻ സ്കോർ 200 കടക്കുകയായിരുന്നു. 20 ഓവർ അവസാനിക്കുമ്പോൾ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ നേടിയ 210 റൺസ് ഈ ലോകകപ്പിലെ തന്നെ ഏറ്റവും ഉയർന്ന സ്കോറാണ്.
നമീബിയയും, സ്കോട്ലാന്റുമായാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ. ഇന്നു വിജയിച്ചെങ്കിലും ഇന്ത്യയുടെ സെമി സാധ്യതകൾ ഇപ്പോഴും പരുങ്ങലിലാണ്. ഇനി നമീബിയയായും, അഫ്ഘാനുമായും ന്യൂസിലാന്റിന് മത്സരങ്ങൾ ബാക്കിയുണ്ട്. ഈ മത്സരങ്ങളിലൊന്നിൽ ന്യൂസിലാൻഡ് പരാജയപെടുന്നില്ല എങ്കിൽ ബാക്കിയുള്ള ഇരു മത്സരങ്ങളും കൂടെ വിജയിച്ചാലും ഇന്ത്യക്ക് സെമി യോഗ്യത നേടാനാവില്ല.
✍? എസ്.കെ.
Leave a reply