ലക്ഷ്യം 5000 കോടി; ഐ.പി.എല്ലിലേക്ക് പുതിയ ടീമുകൾ.

പുതിയ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപയായി ബിസിസിഐ നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. രണ്ട് ടീമുകൾക്ക് കൂടെ അടുത്ത ഐ.പി.എല്ലിൽ അവസരം ലഭിക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ടീമുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വരുന്ന സീസണില്‍ 74 മത്സരങ്ങളാണ് ഐപിഎല്ലിലുണ്ടാവുക. നിലവില്‍ എട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളാണുള്ളത്. ഇത് പത്ത് ഫ്രാഞ്ചൈസികളായി ഉയരാനാണ് സാധ്യത.

പുതിയ ടീമുകളുടെ അടിസ്ഥാന വില 1700 കോടി രൂപയായിരിക്കും എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് 2000 കോടിയായി നിശ്ചയിച്ചതായി ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ടീമുകളെ സ്വന്തമാക്കാന്‍ വമ്പന്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് പദ്ധതിയുള്ളതിനാല്‍ നിലവിലെ പദ്ധതി പ്രകാരം ലേലം നടന്നാല്‍ ചുരങ്ങിയത് 5000 കോടി രൂപയെങ്കിലും സ്വരൂപിക്കാനാകും എന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.

വാര്‍ഷിക ടേണ്‍ഓവര്‍ 3000 കോടിയെങ്കിലുമുള്ള കമ്പനികള്‍ക്കേ ടീമുകള്‍ക്കായുള്ള ലേലത്തില്‍ പങ്കെടുക്കാനാകൂ എന്നാണ് റിപ്പോർട്ട്. ടീമുകളെ സ്വന്തമാക്കാന്‍ കണ്‍സോഷ്യങ്ങളെ ബിസിസിഐ അനുവദിക്കും. അദാനി ഗ്രൂപ്പും ആര്‍പിജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും അടക്കമുള്ള വമ്പന്‍മാര്‍ക്ക് ഐപിഎല്ലില്‍ താല്‍പര്യമുണ്ടെന്നും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്‍സോഷ്യങ്ങളെ അനുവദിക്കുമെങ്കിലും കൂടിയത് മൂന്ന് കമ്പനികൾ വരെ അടങ്ങുന്ന കണ്‍സോഷ്യങ്ങളെ മാത്രമേ അനുവദിക്കൂ.

അഹമ്മദാബാദ്, ലക്നൗ, പൂനെ തുടങ്ങിയവയിൽ നിന്നാവും ടീമുകൾ. ഇതിൽ കൂടുതൽ കാണികൾക്ക് അവസരം ലഭിക്കുന്ന അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയം, ലക്നൗ ഏകന സ്റ്റേഡിയം എന്നിവയ്ക്കാണ് സാധ്യത കൂടുതൽ.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply