ടി-ട്വന്റി ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം മത്സരത്തിലും പരാജയം. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യ ഇന്നു ന്യൂസിലാൻഡിനെതിരെയും തോൽവി ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ ആകെ 110 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് അനായാസം ലക്ഷ്യത്തിലെത്തി. 33 പന്തുകൾ ബാക്കി നിൽക്കെ 8 വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ന്യൂസിലാൻഡിനായി 35 പന്തിൽ 49 റൺസ് നേടിയ ഡറിൽ മിച്ചലാണ് മത്സരത്തിലെ ടോപ്പ് സ്‌കോറർ. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 33ഉം ഡെവോൺ കോൺവേ രണ്ടും റൺസുമായി പുറത്താവാതെ നിന്നു. ഓപ്പണറായ മാർട്ടിൻ ഗുപ്റ്റിൽ 20 റൺസും നേടിയിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട ഇന്ത്യ കഴിഞ്ഞ മത്സരത്തിലെന്നപോലെ തകർന്നടിയുന്ന കാഴ്ച്ചയാണ് കണ്ടത്. 70 റൺസിന് 5 വിക്കറ്റ് നഷ്‌ടമായ ഇന്ത്യ ഒരുഘട്ടത്തിൽ 100 റൺസ് കടക്കുമോ എന്നുപോലും സംശയമുണർത്തി. മുൻനിര ബാറ്റർമാർ തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയപ്പോൾ തന്നെ ഇന്ത്യ പരാജയം മണത്തിരുന്നു. രാഹുൽ (18) ഇഷാൻ (4) രോഹിത് ശർമ്മ (14) കോഹ്ലി (9) പന്ത് (12) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സ്‌കോറുകൾ. 23 റൺസെടുത്ത ഹർദിക് പാണ്ട്യയും, 26 റൺസെടുത്ത ജഡേജയും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്.
ന്യൂസിലാന്റിനായി ബോൾട്ട് മൂന്നും, സോധി രണ്ടും വിക്കറ്റുകൾ എടുത്തപ്പോൾ സൗത്തിയും, മിൽനെയും ഓരോ വിക്കറ്റും നേടി. എന്നാൽ ഇന്ത്യൻ ബാറ്റർമാരെ പോലെ ബൗളേഴ്‌സും തീർത്തും നിരാശപ്പെടുത്തി. 2 വിക്കറ്റുകൾ നേടിയ ബുമ്ര മാത്രമാണ് ബേധപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ മങ്ങി. ഇനിയുള്ള മൂന്ന് മത്സരങ്ങൾ വിജയിച്ചാലും മറ്റു ടീമുകളുടെ മത്സര ഫലം കൂടെ ആശ്രയിച്ചു മാത്രമേ ഇന്ത്യക്കിനി സെമി സാധ്യതകളുള്ളൂ.
✍? എസ്.കെ.
Leave a reply