നന്ദി “സൂപ്പർമാൻ”

ക്രീസിൽ നിലയുറപ്പിച്ചാൽ ഇന്നും ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ.ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ടെണ്ടുൽക്കർ പോലും ആ കളിയഴകിന് മുൻപിൽ ഒരുപക്ഷെ ഒരു പടി പുറകിലാണെന്ന് പറയാം. പാഞ്ഞടുക്കുന്ന യോർക്കറുകളെ അവിശ്വസനീയമായ ഷോട്ടുകൾ കൊണ്ട് ഗാലറിയിൽ എത്തിക്കുന്ന മാന്ത്രികൻ.15 വർഷത്തെ ക്രിക്കറ്റിങ്ങ് കരിയറിൽ 3 തവണ ഏറ്റവും മികച്ച ICC ഏകദിന കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട താരം.ദശാബ്‌ദത്തിലെ ഏറ്റവും മികച്ച 5 കളിക്കാരിൽ ഒരാൾ. Mr. 360, Superman, ABD ഇനിയും എത്രയൊക്കെ വിശേഷണങ്ങൾ, എത്ര റെക്കോർഡുകൾ, എത്ര പേരുകൾ.അതെ സാക്ഷാൽ എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ് കളിയവസാനിപ്പിക്കുകയാണ്.

നിർഭാഗ്യവാനായ ഇങ്ങനെയൊരു അതികായൻ ഇതിന് മുൻപോ ശേഷമോ ലോക ക്രിക്കറ്റിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം .തന്റെ രാജ്യത്തിനോ IPL ടീമിനോ വേണ്ടി ഒരു കിരീടം നേടികൊടുക്കുവാൻ ആവാതെ യുദ്ധത്തിൽ തോറ്റപ്പോഴും കീർത്തി വാനോളം ഉയർത്തിയ കർണ്ണനെപ്പോലെ ഒരു യോദ്ധാവ്.!!
ഏറ്റവും വേഗതയേറിയ അൻപത് റൺസ് ,വേഗതയേറിയ സെഞ്ച്വറി, വേഗതയേറിയ നൂറ്റിയൻപത് റൺസ് എന്നിങ്ങനെ ഇപ്പോഴും മാറ്റാരാലും മറികടക്കാനാവാതെ ചരിത്രത്തിന്റെ താളുകളിൽ അയാളുടെ പേരിൽ എഴുതി വയ്ക്കപെട്ടിരിക്കുന്ന റെക്കോർഡുകൾ.
ഫീൽഡിങ്ങിൽ ജോണ്ടി റോഡ്സിന്റെ പിൻഗാമി. മൈതാനത്തിൽ അവിശ്വസനീയമായ ഡൈവുകൾ കൊണ്ട് കാണികളെ ഞെട്ടിച്ച സൂപ്പർമാൻ.
സൗത്ത് ആഫ്രിക്ക കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ.മൂന്ന് ഫോർമാറ്റുകളിലും ടീമിനെ മുന്നിൽ നിന്ന് നയിച്ച മികച്ച അമരക്കാരൻ.ഏതൊരു ടീമും കൊതിയ്ക്കും ഇങ്ങനെയൊരു കളിക്കാരനെ കിട്ടുവാൻ.

ബാംഗ്ലൂർ ആരാധകരുടെ സ്വന്തം ABD സർ. കൊഹ്‌ലിക്ക് ഒപ്പം ആരാധകർ പ്രതിഷ്ഠിച്ച ഇന്ത്യയുടെ ദത്തുപുത്രൻ. ആ ടീമിന്റെ രക്ഷകനും സൂപ്പർ ഹീറോയും നെടുംതൂണുമായി എത്ര വർഷങ്ങൾ. ഇന്ത്യയിൽ എ ബിയ്ക്ക് ഒപ്പം ആരാധകരുള്ള മറ്റൊരു വിദേശ കളിക്കാരൻ ഉണ്ടാവില്ല. അദ്ദേഹം ഇന്ന് ട്വീറ്റിൽ പറഞ്ഞത് പോലെ ഇത് ഒരു അവിശ്വസനീയമായ ക്രിക്കറ്റ്‌ യാത്ര തന്നെയായിരുന്നു. പക്ഷേ എന്നും താങ്കൾ കൊളുത്തിയ ക്രിക്കറ്റ് ആവേശത്തിന്റെയും അഭിനിവേശത്തിന്റെയുമൊക്കെ കനൽ ഞങ്ങൾക്കുള്ളിൽ കെടാതെ കത്തുകതന്നെ ചെയ്യും. വിരാട് കൊഹ്‌ലിയുടെ വാക്കുകൾ കടമെടുക്കട്ടെ “ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരുനും,ക്രിക്കറ്റ് ആരാധകർക്ക് പ്രചോദനവുമായ താങ്കൾ ഞങ്ങൾക്ക് നൽകിയ എല്ലാ കളിയോർമ്മകൾക്കും നന്ദി. അതിൽ നിങ്ങൾക്ക് അഭിമാനിക്കാം.നമ്മുടെ ബന്ധം കളിയ്ക്കുമപ്പുറമാണ് അത് എന്നും നിലനിൽക്കും.”

Shankarkrishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply