ഇന്ന് ആരംഭിക്കുന്ന ഐ.പി.എൽ രണ്ടാം പാദത്തിൽ ഇനി മൂന്ന് സിക്സ് കൂടി നേടിയാല്‍ മറ്റൊരു നാഴികക്കല്ലുകൂടി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പേരിലാവും. ടി-ട്വന്റി ക്രിക്കറ്റില്‍ 400 സിക്സ് തികക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ രോഹിത്തിന് ഇനി മൂന്ന് സിക്സ് കൂടി മതി. നിലവില്‍ 397 സിക്സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്.
ടി-ട്വന്റി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളില്‍ നാലു പേരാണ് 300 സിക്സ് നേടിയവര്‍. സുരേഷ് റെയ്ന(324), വിരാട് കോലി(314), എം എസ് ധോണി(303) എന്നിവരാണത്. രോഹിത്തിന്‍റെ 397 സിക്സുകളില്‍ 224 എണ്ണവും ഐപിഎല്ലിലാണ്. ഇതില്‍ തന്നെ 173 എണ്ണവും രോഹിത് നേടിയത് മുംബൈ ഇന്ത്യന്‍സ് ജേഴ്സിയിലാണ്. ഐപിഎല്ലില്‍ രോഹിത്തിന്‍റെ ആദ്യ 51 സിക്സുകള്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് വേണ്ടിയായിരുന്നു.
ഇന്ന് വൈകിട്ട് നടക്കുന്ന മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിൽ ആ മൂന്ന് സിക്സുകൾ കൂടെ താരം നേടുമോ എന്ന കാത്തിരിപ്പിലാണ് രോഹിത് ആരാധകർ.
ലോക ക്രിക്കറ്റില്‍ ടി-ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരങ്ങളില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് രോഹിത്. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍, ബ്രെണ്ടന്‍ മക്കല്ലം, ഷെയ്ന്‍ വാട്സണ്‍, എ ബി ഡിവില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ടി-ട്വന്റി സിക്സ് വേട്ടയില്‍ രോഹിത്തിന് മുന്നിലുള്ളവര്‍.
✍️ എസ്.കെ.
Leave a reply