ഫലം നിർണ്ണയിക്കാൻ മൂന്നാം ദിനം; കരുതലോടെ ഇന്ത്യ

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് 99 റൺസ് പിന്തുടരുന്ന ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസ് എന്ന നിലയിലാണ്. 20 റൺസെടുത്ത രോഹിത് ശർമ്മയും 22 റൺസ് നേടിയ കെ എൽ രാഹുലുമാണ് ക്രീസിൽ.

ആദ്യ ഇന്നിങ്സിൽ 191 റൺസ് നേടി പുറത്തായ ഇന്ത്യക്കെതിരെ മറുപടി ബാറ്റിംങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റസ്മാന്മാർ പരാജയപ്പെട്ടപ്പോൾ ഒല്ലെയ്‌ പോപ്പേയുടെയും ഒൻപതാമനായിറങ്ങിയ ക്രിസ് വോക്സിന്റെയും അർദ്ധ ശതകങ്ങളുടെ മികവിലാണ് 99 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി ഉമേഷ്‌ യാദവ് മൂന്ന് വിക്കറ്റുകളും ബുമ്ര, ജഡേജ എന്നിവർ രണ്ട് വിക്കറ്റുകളും നേടിയപ്പോൾ സിറാജ്, തക്കൂർ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

രണ്ടാം ദിനത്തിന്റെ അവസാന സെഷനിൽ 16 ഓവറുകളാണ് ഇന്ത്യൻ ഓപ്പണർമാർ വിജയകരമായി നേരിട്ടത്. ഇംഗ്ലണ്ടിന്റെ ലീഡിനോട് 56 റൺസ് പിന്നിലാണ് ഇന്ത്യയിപ്പോൾ. മൂന്ന് ദിവസങ്ങൾ കൂടി ബാക്കി ഉള്ളതിനാൽ മത്സരത്തിന് ആവേശകരമായ ഫലമുണ്ടാകും എന്ന കാര്യത്തിന് സംശയമില്ല. മികച്ച ഫോമിൽ പന്തെറിയുന്ന ഇംഗ്ലീഷ് പേസർമാരുടെ മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക്‌ ആദ്യ ഇന്നിങ്സിൽ അടിതെറ്റിയിരുന്നു. ശക്തമായ പേസ് ബൗളിങ് നിര ഇന്ത്യക്കുമുള്ളതിനാൽ മൂന്നാം ദിനത്തിലെ ബാറ്റ്സ്മാന്മാരുടെ ചെറുത്തുനില്പാണ് മത്സരഫലത്തിൽ നിർണ്ണായകമാകുക.

✍️ JIA

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply