ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണി, രഞ്ജി ട്രോഫിയിൽ കേരളത്തിന്റെയും ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിന്റെയും നായകനായ സഞ്ജു സാംസൺ എന്നിവരുടെ ക്യാപ്റ്റൻസിയെ താരതമ്യം ചെയ്ത് മലയാളി ക്രിക്കറ്റ് താരം കെ.എം.ആസിഫ്. ഇരുവരും ബോളർമാരുടെ ക്യാപ്റ്റനാണെന്ന് പേസ് ബോളർ കൂടിയായ ആസിഫ് വിശദീകരിച്ചു. ഇരുവരും ബോളർമാർക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുന്ന നായകൻമാരാണെന്നും ആസിഫ് വ്യക്തമാക്കി.
ഇന്ത്യൻ പ്രിമിയർ ലീഗിൽ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു കെ.എം. ആസിഫ്. കേരള രഞ്ജി ടീമിൽ സഞ്ജു സാംസണിനു കീഴിലും കളിച്ചിട്ടുള്ള ആസിഫ്, ഐപിഎലിന്റെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിലും സഞ്ജുവിനു കീഴിൽ കളിക്കും. ഇതിനിടെയാണ്, ഇരു നായകൻമാരെയും താരതമ്യം ചെയ്തുകൊണ്ടുള്ള ആസിഫിന്റെ രംഗപ്രവേശം. രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്ത വിഡിയോയിലാണ് ഈ താരതമ്യമുള്ളത്.
KM Asif on the Sanju and Mahi way of captaincy. 💗👏 pic.twitter.com/St2OXPkneF
— Rajasthan Royals (@rajasthanroyals) March 8, 2023
“മഹി ഭായിയും സഞ്ജുവും ബോളർമാരുടെ ക്യാപ്റ്റനാണ്. അവർ ബോളർമാർക്ക് എല്ലാ സ്വാതന്ത്ര്യവും പിന്തുണയും നൽകുന്നവരാണ്. നിനക്ക് സാധ്യമായതെല്ലാം ചെയ്യൂ, ബാക്കി ഞങ്ങൾ നോക്കിക്കോളാം എന്നതാണ് അവരുടെ നിലപാടെന്നാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. നമുക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്ന കാര്യമാണത്. ഭായ്, നിങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ഫീൽഡ് സെറ്റ് ചെയ്തോളൂ. ശേഷം അതിനനുസരിച്ച് ബോൾ ചെയ്യൂ. ഒരു ക്യാപ്റ്റൻ വന്ന് ഇങ്ങനെ പറയുമ്പോൾ നമുക്കത് വല്ലാത്ത ആത്മവിശ്വാസം നൽകും. ബാക്കിയുള്ളവരുടെ കാര്യം എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. ഇക്കാര്യത്തിൽ എനിക്ക് ഇവർ രണ്ടു പേരെയും വലിയ ഇഷ്ടമാണ്. ഫീൽഡിങ് സെറ്റ് ചെയ്തതിന് അനുസരിച്ച് ബോൾ ചെയ്യൂ എന്നും ഇരുവരും നമ്മുടെ അടുത്തുവന്ന് മുഖത്തുനോക്കി പറയും. അതും നല്ലതായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്”– ആസിഫ് പറഞ്ഞു.
Leave a reply