ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ പുരോഗമിക്കവെയാണ് ഒരു ഒഴിഞ്ഞ കസേരയ്ക്ക് ചുറ്റും കുറച്ചുപേർ കൂടി ഇരിക്കുന്നത് ക്യാമറ കണ്ണുകളിൽപെട്ടത്. എന്താണ് ആ ചിത്രത്തിന് പിന്നിലെ കാരണമെന്ന് കണ്ടെത്താൻ ഇന്നലെ ആ ദൃശ്യം കണ്ടവരൊക്കെ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ 40 വർഷമായി ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന ഒരു മത്സരം പോലും മുടങ്ങാതെ കാണാനെത്തിയ ജോൺ ക്ലാർക്ക് എന്ന ഇംഗ്ലീഷ് ആരാധകൻ ഈയിടെ മരണപ്പെട്ടിരുന്നു. ജോൺ ക്ലാർക്കിന്റെ ഓർമ്മകളുമായി മത്സരത്തിനെത്തിയ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ ഈ മത്സരത്തിന് ജോൺ ക്ലാർക്കിന് വേണ്ടിയും ടിക്കറ്റ് എടുക്കുകയും ആ സീറ്റ് നടുവിലായി ഒഴിച്ചിട്ട് മത്സരം കാണുകയും ചെയ്തു. ജോൺ ക്ലാർക്ക് എന്ന ഈ ഇംഗ്ലീഷ് ആരാധകനു വേണ്ടി സുഹൃത്തുക്കൾ നൽകിയ ആദരവായിരുന്നു ഈ കാഴ്ചയെന്നത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ ചില ആരാധകർ പങ്കുവെച്ചപ്പോഴാണ് പുറത്തറിയുന്നത്. ആവേശകരമായ മത്സരത്തിനിടെ സൗഹൃദ ബന്ധത്തിന്റെ ആഴം വിളിച്ചു പറയുന്ന ഒരു നൊമ്പര കാഴ്ച്ചയായി ഇത് മാറി.
ആദ്യ ദിനം ഇന്ത്യ മികച്ച ബോളിങ് പ്രകടനത്തിലൂടെ 183 റൺസിന് ഇംഗ്ലണ്ട് ബാറ്റിംഗ് അവസാനിപ്പിച്ചിരുന്നു. തുടർന്ന് ആദ്യ ഇന്നിങ്സിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എടുത്തിരുന്നു. രണ്ടാം ദിനം ഇന്ത്യൻ ബാറ്റിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
– എസ്.കെ
Leave a reply