ഇന്ത്യ പേടിത്തൊണ്ടന്മാർ; പാകിസ്താനോട് മുട്ടാൻ ഭയം-പാക് താരം; വായടപ്പിച്ച് പ്രസാദിന്റെ മറുപടി.

ഈ വർഷം സെപ്റ്റംബറിൽ പാകിസ്ഥാനിൽ നിശ്ചയിക്കപ്പെട്ട ഏഷ്യ കപ്പ് ക്രിക്കറ്റിനെ ചൊല്ലിയുള്ള വിവാദങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കില്ലെന്നും, അതിനാൽ ഏഷ്യ കപ്പ് വേദി പാകിസ്ഥാനിൽ നിന്നും മാറ്റണമെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് പ്രതികരിച്ചതോടെയാണ് കാര്യങ്ങൾ ഇപ്പോൾ വഷളായത്.

“ക്രിക്കറ്റ് കളിക്കാൻ പാക്കിസ്ഥാനിലേക്ക് വരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്ക് നരകത്തിലേക്ക് പോകാം. ഞാൻ എപ്പോഴും പറയാറുണ്ട്, ഇന്ത്യ വന്നില്ലെങ്കിൽ നമുക്ക് യാതൊരു പ്രശ്നവുമില്ല. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കേണ്ടത് ഐസിസിയുടെ ജോലിയാണ്, അല്ലാത്തപക്ഷം ഇങ്ങനെ ഒരു ഭരണസമിതി ഉണ്ടായിട്ട് കാര്യമില്ല. എല്ലാ രാജ്യത്തിനും ഐസിസി ഒരു നിയമം നടപ്പാക്കണം. ഇന്ത്യ വന്നില്ലെങ്കിൽ, അവർ എത്ര ശക്തരാണെങ്കിലും അവരെ ബാൻ ചെയ്യണം. കൂടാതെ ഇന്ത്യക്ക് പാകിസ്ഥാനിൽ വന്നു മത്സരിക്കാൻ പേടിയാണ്. പരാജയപ്പെട്ടാൽ ഉണ്ടാവുന്ന കാര്യങ്ങൾ അവർ ഭയക്കുന്നു.”- മിയാൻദാദ് പറഞ്ഞു.

എന്നാൽ ഇതിനു ചുട്ട മറുപടിയുമായി ഇന്ത്യയുടെ മുൻ താരം വെങ്കിടേഷ് പ്രസാദും പിന്നാലെ എത്തി. “നരകത്തിലേക്ക് വരില്ല എന്ന് തന്നെയാണ് ഇന്ത്യ പറഞ്ഞത്”, പാകിസ്താനെ നരകം എന്നുദ്ദേശിച്ചുകൊണ്ട് പ്രസാദ് ട്വിറ്ററിൽ കുറിച്ചു. കൂടാതെ ലഭിക്കുന്ന റിപോർട്ടുകൾ അനുസരിച്ച് ഇന്ത്യയുടെ ആവശ്യപ്രകാരം ഏഷ്യ കപ്പ് വേദി പാകിസ്താന് നഷ്ടമാവാനാണ് സാധ്യത. റിപോർട്ടുകൾ പ്രകാരം ടൂർണമെന്റ് പാകിസ്ഥാനിൽ നിന്നും യുഎഇയിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

What’s your Reaction?
+1
3
+1
3
+1
0
+1
17
+1
0
+1
2
+1
0

Leave a reply