പാക്കിസ്ഥാന് മാത്രം ഇന്ത്യൻ വിസ ലഭിച്ചില്ല, ലോകകപ്പിന് പാക്കിസ്ഥാന് വീസ ‘കുരുക്ക്’.

ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന പാക്കിസ്ഥാൻ ടീമിന് നെഞ്ചിടിപ്പേറ്റി വീസ കുരുക്ക്. ഇന്ത്യൻ വീസ ലഭിക്കാൻ വൈകിയതോടെ ഏകദിന ലോകകപ്പിനു മുന്നോടിയായി ദുബായിലേക്ക് പോകാനുള്ള പാക്കിസ്ഥാൻ ടീമിന്റെ പദ്ധതിയടക്കം അവസാനനിമിഷം റദ്ദാക്കി. വീസ പ്രശ്‌നത്തെ തുടര്‍ന്നാണ് യാത്ര വേണ്ടെന്നുവച്ചത്. വീസ നടപടിക്രമങ്ങള്‍ക്കായാണ് പാക്കിസ്ഥാനില്‍ തന്നെ തുടരുന്നത്. 2012-13 ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാൻ ടീം ഇന്ത്യയിലേക്ക് വരുന്നത്.

ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുന്നതിന് പാക്കിസ്ഥാൻ ടീമിന് ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഇന്ത്യയ്ക്കൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒൻപതു ടീമുകളില്‍ പാക്കിസ്ഥാൻ ടീമിന് മാത്രമാണ് ഇതുവരെ വീസ ലഭിക്കാത്തതെന്നാണ് റിപ്പോര്‍ട്ട്. ഈ കാലതാമസം കാരണമാണ് ദുബായ് യാത്ര തല്‍ക്കാലം ഒഴിവാക്കിയത്. ഈ മാസം. 29ന് ന്യൂസീലൻഡിനെതിരായ ആദ്യ സന്നാഹ മത്സരത്തിനായി ഹൈദരാബാദിലേക്ക് പോകുന്നതിന് മുൻപ് ദുബായിലേക്ക് പോകാനും അവിടെ രണ്ടു ദിവസം തങ്ങാനുമായിരുന്നു ടീമിന്റെ പദ്ധതി. എന്നാല്‍ ഇന്ത്യൻ വീസ വൈകുന്നതിനാല്‍ കറാച്ചിയില്‍നിന്നു നേരിട്ട് ഹൈദരാബാദിലേക്ക് തന്നെ വരാൻ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

2012 – 13 ലാണ് പാക്കിസ്ഥാനും ഇന്ത്യയും അവസാനം ദ്വിരാഷ്ട്ര പരമ്ബര കളിച്ചത്. അതിനുശേഷം ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ഇന്ത്യൻ ടീം അവസാനമായി പാക്കിസ്ഥാനിലേക്ക് പോയത് 2006ലാണ്. ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിലെ രണ്ടു താരങ്ങള്‍ മാത്രമാണ് ഇതിനു മുൻപു ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യയിലേക്ക് വന്നിട്ടുള്ളത്.

ഒക്ടോബര്‍ 6നു ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നെതര്‍ലൻഡ്സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം. വെള്ളിയാഴ്ച, ലോകകപ്പിന് ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള 15 കളിക്കാരുടെ ടീമിനെ പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു.

അന്തിമ ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി പാക്കിസ്ഥാൻ മാറി. ഈ മാസം 27 വരെയാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള സമയം. പരുക്കേറ്റ പേസര്‍ നസീം ഷായുടെ സേവനം പാക്കിസ്ഥാനു നഷ്ടമാകും. നസീമിന് പകരക്കാരനായി ഹസൻ അലിയെ ടീമില്‍ ഉള്‍പ്പെടുത്തി. ഷഹീൻ ഷാ അഫ്രീദിയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാന്റെ പേസ് ആക്രമണം. ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഹസൻ അലി എന്നിവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply