ഈ വര്‍ഷം സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ കളിക്കാനില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. തുടർന്ന് ഇന്ത്യ തയ്യാറായില്ലെങ്കില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്പക്ഷ വേദിയില്‍ നടത്താമെന്ന നിര്‍ദേശം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി മുന്നോട്ടുവെച്ചിരുന്നു.
എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നടത്തിയില്ലെങ്കില്‍ ശ്രീലങ്കയില്‍ നടത്തണമെന്ന നിര്‍ദേശവും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലുണ്ട്. യുഎഇ ആണ് നിഷ്പക്ഷ വേദിയായി കാണുന്നതെങ്കിലും സെപ്റ്റംബര്‍ മാസങ്ങളില്‍ യുഎഇയിലെ കനത്ത ചൂട് കണക്കിലെടുത്താണ് ശ്രീലങ്കയിലേക്ക് ടൂര്‍ണമെന്റ് മാറ്റുന്ന കാര്യം പരിഗണിക്കുന്നത്. ബിസിസിഐയുടെ പിന്തുണ ശ്രീലങ്കയ്ക്കാണ്. ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ ബോര്‍ഡ്. ടൂര്‍ണമെന്റ് നടത്താന്‍ ഗ്രൗണ്ടുകള്‍ സജ്ജമാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. വരും ദിവസങ്ങളില്‍ വേദി സംബന്ധിച്ച് തീരുമാനമെടുക്കും.
ഏഷ്യാ കപ്പ് കളിക്കാനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് വരുന്നില്ലെങ്കില്‍ ഈ വര്‍ഷ അവസാനം നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് വരില്ലെന്നും ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നും പാക്കിസ്ഥാന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മയപ്പെടുത്തി ഇന്ത്യയില്‍ കളിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
Leave a reply