വിരമിക്കാൻ സമയമായി: ഡ്വെയിൻ ബ്രാവോ | നാളെ അവസാന മത്സരം.

വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ടി-ട്വന്റി ലോകകപ്പിൽ നാളെ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന അവസാന സൂപ്പർ 12 മത്സരത്തിനു ശേഷം താരം പാഡഴിക്കും. ഇന്നലെ ശ്രീലങ്കക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്രാവോ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 2018ൽ വിരമിക്കൽ പ്രഖ്യാപിച്ച താരം തൊട്ടടുത്ത വർഷം പ്രഖ്യാപനം പിൻവലിച്ചിരുന്നു. 38കാരനായ താരം വിൻഡീസിന്റെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്.

“വിരമിക്കാനുള്ള സമയമായെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് ഏറെ മികച്ച ഒരു കരിയർ ലഭിച്ചു. 18 വർഷക്കാലം വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. ഇതിൽ ഉയർച്ച താഴ്ചകളുണ്ടായിരുന്നു. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്.”- ബ്രാവോ പറഞ്ഞു.

90 രാജ്യാന്തര ടി-20 മത്സരങ്ങൾ കളിച്ച ബ്രാവോ 78 വിക്കറ്റും 1245 റൺസും നേടിയിട്ടുണ്ട്. 2012, 2016 വർഷങ്ങളിൽ വിൻഡീസ് ടി-20 ലോകകപ്പ് ജേതാക്കളാവുമ്പോൾ ബ്രാവോയും ടീമിൽ ഉൾപ്പെട്ടിരുന്നു.

20 റൺസിനാണ് ഇന്നലെ ശ്രീലങ്ക വിൻഡീസിനെ കീഴടക്കിയത്. ശ്രീലങ്ക മുന്നോട്ടുവച്ച 190 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചാലും ഐ.പി.എൽ ഉൾപ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റിൽ താരം തുടരാനാണ് സാധ്യത. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിലും, ഗുജറാത്ത് ലയൺസിലും കളിച്ച താരം ദീർഘ കാലമായി ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ സ്ഥിര സാന്നിധ്യമാണ്. ഐ.പി.എൽ കിരീടം മൂന്ന് തവണ സ്വന്തമാക്കിയ ബ്രാവോയ്ക്ക് ഇന്ത്യയിലും ഏറെ ആരാധകരുണ്ട്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply