വനിതാ ഐ.പി.എൽ വേണം: ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത്.

വനിതാ ഐപിഎല്ലിനായി വാദിച്ച് ഇന്ത്യയുടെ ടി-ട്വന്റി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഐപിഎൽ പോലെ ഒരു വേദിയുണ്ടെങ്കിൽ ആഭ്യന്തര താരങ്ങൾക്ക് സമ്മർദ്ദ ഘട്ടത്തിൽ കളിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാൻ കഴിയും. വനിതാ ബിബ് ബാഷ് ലീഗ് ഒക്കെ ആ ധർമ്മമാണ് നിർവഹിക്കുന്നതെന്നും ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി-ട്വന്റി മത്സരത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“തഹ്‌ലിയ മഗ്രാത്ത് ബാറ്റ് ചെയ്തത് ശ്രദ്ധിച്ചാൽ വനിതാ ബിബിഎലിൽ കളിച്ചതിന്റെ ആത്മവിശ്വാസം കാണാം. അവർ രാജ്യാന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാണ്. അവർ രാജ്യാന്തര ക്രിക്കറ്റിൽ ഏറെയൊന്നും കളിച്ചിട്ടില്ല. പക്ഷേ, ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുന്നതിനു മുൻപ് ഒരുപാട് മത്സരങ്ങൾ കളിച്ചു. നമുക്കും രേണുക സിംഗിനെപ്പോലെ ഉയർന്ന തലത്തിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത യുവതാരങ്ങളുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ രേണുക മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷേ, അത്ര അനുഭവസമ്പത്തില്ല. നമുക്ക് വനിതാ ഐപിഎൽ ഉണ്ടെങ്കിൽ, സമ്മർദ്ദ ഘട്ടത്തിലും മികച്ച പ്രകടനം നടത്താൻ ആഭ്യന്തര താരങ്ങൾക്ക് സാധിക്കും.”- ഹർമൻപ്രീത് പറഞ്ഞു.

“പുരുഷ താരങ്ങൾക്ക് പക്വതയുണ്ട്. കാരണം, അവർ ഐപിഎല്ലിൽ ഒട്ടേറെ മത്സരങ്ങൾ കളിക്കുന്നു. അത് മാത്രമാണ് ഞങ്ങൾക്ക് ഇപ്പോൾ ഇല്ലാത്തത്. രാജ്യാന്തര മത്സരങ്ങൾക്കു മുൻപ് ഐപിഎൽ പോലെ ടൂർണമെന്റുകൾ കളിക്കാൻ ആഭ്യന്തര താരങ്ങൾക്ക് കഴിഞ്ഞാൽ അവർ തീർച്ചയായും മെച്ചപ്പെടും.”- ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

നേരത്തെ, യുവതാരം ജമീമ റോഡ്രിഗസ്, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന എന്നിവരൊക്കെ പരസ്യമായി വനിതാ ഐപിഎല്ലിനു വേണ്ടി വാദിച്ച് രംഗത്തെത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ നിരവധി പ്രതിഭകളുണ്ടെന്നും അതുകൊണ്ട് തന്നെ ഐപിഎൽ നടത്തുക ബുദ്ധിമുട്ടല്ലെന്നും ജമീമ പറഞ്ഞു. 5-6 ടീമിനുള്ള താരങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്നും വിദേശ താരങ്ങൾ കൂടി എത്തുമ്പോൾ ഐപിഎൽ നടത്താനുള്ള സാഹചര്യം കൃത്യമാകുമെന്നുമാണ് സ്മൃതി പറഞ്ഞത്.

വനിതാ ഐപിഎൽ ആലോചനയിലുണ്ടെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ബോർഡിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് സംഘത്തിൽപെട്ട മുൻ ദേശീയ താരം സാബ കരീം ആണ് വനിതാ ഐപിഎൽ പരിഗണനയിലുണ്ടെന്ന് അറിയിച്ചത്. അതിനു മുൻപ് ആഭ്യന്തര ക്രിക്കറ്റ് ശക്തമാക്കേണ്ടതുണ്ടെന്നും പുരുഷ ഐപിഎൽ ഇത്രത്തോളം വിജയിക്കാൻ കാരണം ശക്തമായ ആഭ്യന്തര ക്രിക്കറ്റ് കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply