പ്രകോപനമായി ഫ്ലിന്റോഫ്, പ്രതികരിച്ചു യുവരാജ്

ബൗണ്ടറിയുടെ മുകളിൽ കൂടി ആ ഓവറിലെ അവസാന പന്തും പാഞ്ഞു പോയപ്പോൾ സ്റ്റുവർട്ട് ബ്രോഡ് ആൻഡ്രൂ ഫ്ളിൻ്റോഫിനെ നോക്കി മനസ്സിൽ പറഞ്ഞു കാണും, ” എന്തിനാണ് പഹയാ വെറുതെ ഇരുന്ന കടുവയുടെ വായിൽ കോലിട്ടിളക്കിയത്?”
സംഭവം നടന്നത് 2007 ഇല് ആണ്. പ്രഥമ T20 ലോകകപ്പ് സൗത്താഫ്രിക്കൻ മണ്ണിൽ നടക്കുന്ന സമയം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഡർബനിൽ ഏറ്റു മുട്ടുന്നു. സെമിഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യം ആയിരുന്നു. വിരേന്ദർ സേവാഗ് – ഗൗതം ഗംഭീർ ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 68 റൺസ് എടുത്ത വീരു പതിനഞ്ചാം ഓവറിൻ്റെ നാലാം പന്തിൽ പുറത്താക്കുമ്പോൾ 136 റൺസ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നു. തൊട്ടടുത്ത ഓവറുകളിൽ ഗംഭീറും റോബിൻ ഉത്തപ്പയും പുറത്തായപ്പോൾ ഇംഗ്ലീഷ് താരങ്ങൾ ഒന്നു ആശ്വസിച്ചു. ഇപ്പൊൾ സ്കോർ 16.4 ഓവറിൽ 155/6. ഇനി വരുന്ന ബാറ്റ്സ്മാൻമാർ ഒന്നു സെറ്റിൽ ആകുന്ന സമയത്ത് റൺറേറ്റ് കുറയുമല്ലോ? കൂടിപ്പോയാൽ ഒരു 180-190 റൺസ്. പക്ഷേ അടുത്ത ബാറ്റ്സ്മാൻ അവരുടെ പ്രതീക്ഷകൾ തകർക്കാൻ വന്ന അവതാരം ആയിരിക്കുമെന്ന് സ്വപ്നത്തില് കൂടി വിചാരിച്ചു കാണില്ല. യുവരാജ് സിംഗ് എന്ന പിഞ്ച് ഹിറ്റർ ആഞ്ഞടിച്ചാലും ഇന്ത്യൻ സ്കോർ 200 എന്ന മാന്ത്രിക സംഖ്യ കടക്കുമെന്ന് കരുതിക്കാണില്ല. ഇംഗ്ലീഷ് ബൗളർമാരിൽ അവർക്ക് വിശ്വാസം ഉണ്ടായിരുന്നു.
അങ്ങനെ മെല്ലെ മെല്ലെ കളി മുൻപോട്ട് നീങ്ങി. പതിനെട്ടാം ഓവർ എറിയുവാൻ വന്ന ഫ്ലിൻ്റോഫിനെ യുവരാജ് രണ്ടു ബൗണ്ടറി പായിച്ചു. അതിൽ പ്രകോപിതനായി ഫ്ളിൻ്റോഫ് യുവരാജിനെ സ്ലെഡ്ജ് ചെയ്തു. ഓർക്കണം, പെട്ടന്ന് ദേഷ്യം പിടിക്കുന്ന സ്വഭാവം ഉള്ള ആ പഞ്ചാബിയെ ആണ് ഫ്ലിൻ്റോഫ് കയറി ചൊറിഞ്ഞത്. അതു കേട്ട് ദേഷ്യം വന്ന യുവി തിരിച്ചും എന്തൊക്കെയോ പറഞ്ഞു. അവസാനം ഫീൽഡ് അമ്പയർമാർ ഇടപെട്ടു രണ്ടുപേരെയും കാര്യങ്ങള് കൂടുതൽ മോശം ആകാതെ പ്രശ്നം ഏകദേശം ഒതുക്കി. ഇപ്പൊൾ ആണ് സംഭവം നടന്നതെങ്കിൽ നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന ധോണി ഫ്ലിൻ്റോഫിനോട് ചിലപ്പോൾ ഇങ്ങനെ പറഞ്ഞേനെ, ” കണ്ടറിയണം ഫ്ലിൻ്റൊഫ്, നിനക്ക് എന്താണ് സംഭവിക്കുക എന്ന്”.
പത്തൊൻപതാം ഓവർ എറിയുവാൻ വന്നത് യുവ വലംകൈയ്യൻ പേസർ സ്റ്റുവർട്ട് ബ്രോഡ് ആണ്. മുഖം കണ്ടിട്ട് എന്തോ ഒരു പന്തികേട് ഉണ്ടെന്നു മനസ്സിലായി എന്ന് തോന്നുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ പന്തെറിയാൻ മുൻപോട്ട് കുതിച്ചു. പന്തു റിലീസ് ചെയ്തു തല ഉയർത്തി നോക്കിയ ബ്രോഡ് കണ്ടത് ഡീപ് മിഡ് വിക്കറ്റിന് മുകളിൽ കൂടി പറക്കുന്ന വെള്ള കുക്കബുറ പന്തിനെ ആണ്. ഒരു ഓവറിലെ ആദ്യ പന്ത് തന്നെ ഒരു കൂറ്റൻ സിക്സ് വഴങ്ങേണ്ടി വരുന്ന ഒരു ബൗളർ. അതും അധികം മത്സരപരിചയം ഇല്ലാത്ത യുവതാരം. സത്യത്തിൽ കിളി പോയ അവസ്ഥ ആയിരിക്കും. അടുത്ത പന്തുകളിൽ ലൈനും ലെങ്ങ്തും ഉണ്ടാകുമെന്ന് ഉറപ്പില്ല. എന്തായാലും എറിഞ്ഞല്ലെ പറ്റു. അടുത്ത പന്ത് എറിയുവാൻ റൺ അപ്പ് എടുത്തു വന്നു എറിഞ്ഞു. ദേ പോണ് ബാക്ക് വേർഡ് സ്ക്വയർ ലെഗ് ബൗണ്ടറിയുടെ മുകളിൽ കൂടി അടുത്തത്. അപ്പോഴേക്കും ഫ്ളിൻ്റോഫിനും ബ്രോഡിനും ബാക്കി ഉള്ള ഇംഗ്ലീഷ് കളിക്കാർക്കും സംഭവം പിടികിട്ടി. എങ്ങനെ എറിഞ്ഞിട്ടും കാര്യമില്ല. തല്ലാൻ അല്ല, കൊല്ലാൻ ആണ് യുവിയുടെ തീരുമാനം. ഇനി ആകപ്പാട് ചെയ്യാൻ പറ്റുക പ്രാർഥിക്കുക എന്നത് മാത്രമാണ്. ബ്രോഡ് ഓവർ പൂർത്തിയാക്കുവാൻ തുടങ്ങി. അടുത്ത നാലു പന്തുകൾ യഥാക്രമം വൈഡ് ലോങ്ങ് ഓഫ്, ഡീപ് പോയിൻ്റ്, സ്ക്വയർ ലെഗ്, വൈഡ് ലോങ്ങ് ഓൺ എന്നീ ബൗണ്ടറികളുടെ മുകളിലൂടെ ഗ്യാലറിയിൽ എത്തി.
മൊത്തത്തിൽ 16 പന്തിൽ 7 സിക്സുകളുടെയും 3 ഫോറുകളുടെയും അകമ്പടിയോടെ 58 റൺസ് ആണ് യുവരാജ് സിംഗ് അന്നു അടിച്ചത്. അതിനൊപ്പം ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി (12 പന്തുകളിൽ നിന്ന്) എന്ന റെക്കോർഡും യുവി സ്വന്തം പേരിൽ ആക്കി. 218/4 എന്ന കൂറ്റൻ സ്കോർ ഇന്ത്യ ഇംഗ്ലണ്ടിന് എതിരെ എടുത്തു. 219 എന്ന റൺ മല കീഴടക്കാൻ ഇറങ്ങിയ ഇംഗ്ലീഷ് പോരാളികൾ പതിനെട്ട് റൺസിൻ്റെ തോൽവി ഏറ്റുവാങ്ങി. ഇംഗ്ലണ്ടിൻ്റെ തോൽവിയേക്കാൾ ചർച്ച ചെയ്യപ്പെട്ടത് യുവരാജിൻ്റെ താണ്ഡവം ആയിരുന്നു. രണ്ടു റെക്കോർഡുകൾ ആണ് അവിടെ ഉണ്ടായത്, 1) T20 യിൽ ഒരു ഓവറിൽ ആറു തവണ പന്തു നിലം തൊടാതെ അതിർത്തി കടത്തിയ ആദ്യ കളിക്കാരൻ. 2) വേഗതയേറിയ അർദ്ധ സെഞ്ച്വറി. ആ ഒരു ഓവറിൽ കളി തിരിഞ്ഞത് മറ്റൊരു തലത്തിലേക്ക് ആയിരുന്നു. ഇന്ത്യ പിന്നീട് നിന്നു ചെന്നത് കിരീട ജേതാക്കൾ എന്ന പേരിലേക്ക് ആണ്. കലാശ പോരാട്ടത്തിൽ ചിര വൈരികൾ ആയ പാകിസ്താനെ പരാജയപ്പെടുത്തി കുട്ടി ക്രിക്കറ്റിലെ പ്രഥമ ലോകകിരീടം മഹേന്ദ്ര സിംഗ് ധോണി നയിച്ച ഇന്ത്യ നേടി.
യുവി അന്ന് അടിച്ചത് ബ്രോഡിനെ ആണെങ്കിലും കൊണ്ടത് ഫ്ലിൻ്റോഫിന് ആണ്. (പിന്നെ കുറച്ചു ദിമിത്രി മസ്കരാനസ്സിനു കൂടി കൊണ്ടു കാണും. കാരണം ഇതിനു മുൻപ് നടന്ന ഏകദിന പരമ്പരയിൽ മസ്കരാനസ് യുവരാജിനെ ഒരു ഓവറിൽ അഞ്ചു സിക്സ് പറത്തിയിരുന്നു.). അവസാന പന്തും സിക്സ് അടിച്ചതിനു ശേഷം യുവി ഫ്ലിൻ്റോഫിനെ നോക്കി ഒരു ചിരി ചിരിച്ചു. അയ്യപ്പനും കോശിയും ശൈലിയിൽ പറയുക ആണെങ്കിൽ ” ആളറിഞ്ഞു കളിക്കെടാ…” എന്ന ഡയലോഗ് ആണ് അവിടെ ചേരുക. സംഭവം യുവരാജും ഫ്ലിൻ്റോഫും തമ്മിൽ ഉള്ള അടി ആയിരുന്നു എങ്കിലും അതിനിടയിൽ ബലിയാടായത് സ്റ്റുവർട്ട് ബ്രോഡ് ആണ്. ഒരു പക്ഷെ അദ്ദേഹത്തിൻ്റെ കരിയർ തന്നെ ഇല്ലാതാകുന്ന നിമിഷം ആയേനെ. പക്ഷേ അന്നു അടി കൊണ്ട ബ്രോഡ് സ്വന്തം കഴിവിനാൽ ലോകോത്തര പേസർ ആയത് ചരിത്രം.
2007 T20 ലോകകപ്പ് ഇന്ത്യ കിരീട ജേതാക്കൾ ആയി എന്നതിൽ ഉപരി ഇന്നും ലോകം ഓർക്കുന്ന നിമിഷം ആ മത്സരത്തിലെ പത്തൊൻപതാം ഓവർ ആണ്. ഒരു പഞ്ചാബി വന്നു ഇംഗ്ലീഷുകാരനെ തല്ലി കൊന്ന ഓവർ. കാലമെത്ര കഴിഞ്ഞാലും ഇന്നും ഏവരും ആവേശത്തോടെ കാണുന്ന, ഫ്ലിൻ്റൊഫും ബ്രോഡും ദുസ്വപ്നം പോലെ കാണുന്ന ആ പത്തൊൻപതാം ഓവർ.

✍️Gourinath S

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply