ശ്രീശാന്ത് ആ ക്യാച്ച് ഡ്രോപ്പ് ചെയ്യുമെന്നാണ് യുവി കരുതിയത്: രോഹിത് ശർമ്മ.

ആദ്യ ടി-ട്വന്റി ലോകകപ്പ് ഫൈനലിലെ ഓർമ്മകൾ പങ്കുവെച്ച്‌ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ടി-ട്വന്റി ലോകകപ്പിന്റെ ഏഴാം പതിപ്പിൽ നാളെ ഇന്ത്യ പാക്കിസ്ഥാനെ നേരിടാനിരിക്കെ ഐ.സി.സി പങ്കുവെച്ച വീഡിയോയിലാണ് രോഹിത് ശർമ്മയുടെ വെളിപ്പെടുത്തൽ.

സൗത്ത് ആഫ്രിക്കയിലെ ജോഹനാസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ 5 റണ്‍സിനായിരുന്നു ഇന്ത്യ അന്ന് വിജയിച്ചത്. അവസാന 4 പന്തില്‍ 6 റണ്‍സ് വേണമെന്നിരിക്കെ ജോഗിന്ദര്‍ ശര്‍മ്മയ്ക്കെതിരെ മിസ്ബ ഉള്‍ ഹഖ് സ്‌കൂപ്പ് ഷോട്ടിന് ശ്രമിക്കുകയും മലയാളി താരം ശ്രീശാന്ത് പന്ത്‌ കൈപിടിയിലൊതുക്കുകയും ചെയ്തതോടെയാണ് ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്.

എന്നാൽ ശ്രീശാന്ത് ആ ക്യാച്ച്‌ ഡ്രോപ്പ് ചെയ്യുമെന്നാണ് യുവരാജ് സിങ് കരുതിയതെന്നും അത് കാണാതിരിക്കാന്‍ യുവി പിന്തിരിഞ്ഞാണ് നിന്നിരുന്നതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

“ആ പന്തില്‍ ഞാന്‍ കവറിലാണ് നിന്നിരുന്നത്, യുവിയാകട്ടെ പോയിന്റിലും. മിസ്ബ ആ ഷോട്ട് കളിച്ച നിമിഷം യുവി തിരിയുന്നത് ഞാന്‍ കണ്ടിരുന്നു. അവന്‍ അത് കാണുകയല്ലായിരുന്നു, ശ്രീശാന്ത് ആ ക്യാച്ച്‌ ഡ്രോപ്പ് ചെയ്യുമെന്നാണ് അവന്‍ കരുതിയത്. ”

“ശ്രീശാന്ത് ആ ക്യാച്ചെടുക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അവനധികം മാറേണ്ടിവന്നിരുന്നില്ല. ഒന്നോ രണ്ടോ സ്റ്റെപ്പ് പിറകോട്ട് മാറിയാണ് അവന്‍ ആ ക്യാച്ച്‌ എടുത്തത്. അവന്റെ കരിയറിലെ തന്നെ ഏറ്റവും സമ്മര്‍ദ്ദമേറിയ ക്യാച്ചായിരിക്കുമത് ” രോഹിത് ശര്‍മ്മ തുടർന്നു.

“ആ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകരെയും പാകിസ്ഥാന്‍ ആരാധകരെയും മാത്രമേ കാണുവാന്‍ സാധിക്കുമായിരുന്നുള്ളൂ. കൂടുതലും ഇന്ത്യന്‍ ആരാധകരായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം സ്വപ്നമായി തോന്നുന്നു, ആ ദിവസത്തെ ഞങ്ങളുടെ പ്രകടനം അവിശ്വസനീയമായിരുന്നു.”

“ആ സമയത്ത് എന്റെ പ്രായം 20 വയസ്സുമാത്രമായിരുന്നു. എന്നെ സംബന്ധിച്ച്‌ പ്രഥമ ടി-ട്വന്റി ലോകകപ്പിന്റെ ഫൈനലിലെത്തുകയെന്നത് വളരെ വലിയ കാര്യമാണ്. അതിനൊപ്പം ഫൈനല്‍ കളിക്കാനും റണ്‍സ് സ്കോര്‍ ചെയ്യാനും ക്യാച്ച്‌ എടുക്കാനും വിക്കറ്റ് നേടാനും മൈതാനത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും കാണുന്നതും സ്വപ്നം പോലെയായിരുന്നു. ” രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply