പഞ്ചാബ് കോൺഗ്രസ്സ് പാർട്ടിയിലെ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോൾ വെട്ടിലായത് ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ അമരീന്ദർ സിങ്ങ്. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പേരും തന്റെ പേരും ഒന്നായതാണ് താരത്തിന് തലവേദനയായത്. പഞ്ചാബ് കോൺഗ്രസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ തന്റെ അക്കൗണ്ട് ടാഗ് ചെയ്യരുതെന്ന് ഇന്ത്യൻ ഗോൾകീപ്പർ ട്വീറ്റ് ചെയ്യുന്നു.
‘പ്രിയപ്പെട്ട മാധ്യമങ്ങളേ, മാധ്യമപ്രവർത്തകരേ… ഞാൻ അമരീന്ദർ സിങ്ങ്, ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ. പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയല്ല. ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിർത്തൂ…’, അമരീന്ദർ സിങ്ങ് ചിരിക്കുന്ന സ്മൈലിയോടെ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ താരത്തിന്റെ ഈ ട്വീറ്റ് പഞ്ചാബ് മുൻ മുഖ്യമന്ത്രിയായ അമരീന്ദർ സിങ്ങ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ‘സുഹൃത്തേ… നിന്റെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നു. ഇനിയുള്ള മത്സരങ്ങൾക്ക് എന്റെ എല്ലാ ഭാവുകങ്ങളും’ അമരീന്ദർ റീട്വീറ്റിൽ പറയുന്നു.
I empathise with you, my young friend. Good luck for your games ahead. https://t.co/MRy4aodJMx
— Capt.Amarinder Singh (@capt_amarinder) September 30, 2021
പഞ്ചാബിലെ മഹിൽപുരിൽ നിന്നുള്ള ഫുട്ബോൾ താരമാണ് അമരീന്ദർ സിങ്. ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാന്റെ ഗോൾകീപ്പറാണ്. 2017 മുതൽ 2021 വരെ മുംബൈ സിറ്റിയുടെ ഗോൾ കീപ്പറായിരുന്ന അമരീന്ദർ, ഈ വർഷമാണ് എടികെ മോഹൻ ബഗാനിലേക്ക് എത്തിയത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സാഫ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ അമരീന്ദറിന് സ്ഥാനം ലഭിച്ചില്ല. ഒക്ടോബർ ഒന്നിന് തുടങ്ങുന്ന ചാമ്പ്യൻഷിപ്പിൽ അമരീന്ദറിന് പകരം ധീരജ് സിങ്ങ് ഇടം നേടി.
✍? എസ്.കെ.
Leave a reply