അരീക്കോട് നിന്നും മറ്റൊരു പ്രൊഫഷണൽ ക്ലബ്‌ കൂടി

ഫുട്ബോളിന്റെ മക്കയായ മലപ്പുറത്തെ കാൽപ്പന്ത് തലസ്ഥാനമായ അരീക്കോട് നിന്നും ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് വന്നിരിക്കുന്നു – എഫ്സി അരീക്കോട്. ‘ഇന്റഗ്രേറ്റഡ് സ്പോർട്സ് ബാൾ’ എന്ന കമ്പനിയുടെ ആഭിമുഖ്യത്തിലാണ് എഫ്സി അരീക്കോട് പ്രവർത്തനമാരംഭിക്കുന്നത്. വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് സൗഹൃദ മത്സരങ്ങളെല്ലാം ക്ലബ്ബ് തുടങ്ങിക്കഴിഞ്ഞു.

നാട്ടിലെ ഫുട്ബോൾ ആരാധകരും ചില പ്രഫഷണൽ താരങ്ങളും ചേർന്ന് തുടക്കമിട്ട ഒരു പ്രാദേശിക ക്യാമ്പ് പിന്നീട് അക്കാദമി ആയി വളരുകയും പ്രാദേശിക ടൂർണമെന്റുകൾ കളിക്കുകയും ചെയ്തു. ഇതിലൂടെ വളർന്നു വന്ന താരങ്ങൾ ജില്ലാ, സംസ്ഥാന ടീമുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുകയും നിറ സാന്നിധ്യങ്ങളായി മാറുകയും ചെയ്തു. യാദൃച്ഛികമായി തുടക്കമിട്ട ഒരു ക്യാമ്പിൽ നിന്നും ഇപ്പോൾ കേരളത്തിലെ ഫസ്റ്റ് ഡിവിഷൻ ലീഗായ കേരള പ്രീമിയർ ലീഗിൽ വരെ മാറ്റുരക്കാൻ കെൽപ്പുള്ള ഒരു ക്ലബ്ബായി എഫ്സി അരീക്കോട് വളർന്നു കൊണ്ടിരിക്കുകയാണ്. പ്രതിഭാ സമ്പന്നനായ ഗോൾകീപ്പർ റാഷിദ് നാലകത്താണ് ഇങ്ങനെയാെരു ടീമിന് അടിത്തറയിട്ടതെന്ന് പറയാം. കെഎഫ്എ സംസ്ഥാന വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം, എം ബി ബി ഷൗക്കത്ത്, ഡോ. കെ സഫറുള്ള, പി ടി ഫിർഷാദ്, പി ടി നിഷാദ് തുടങ്ങിയവരാണ് കളിക്കളത്തിന് പുറത്ത് ടീമിനായി നീക്കങ്ങൾ നടത്തുന്നത്.

വരുന്ന കെപിഎൽ സീസണിലൂടെ അരങ്ങേറ്റം കുറിക്കാനാണ് എഫ്സി അരീക്കോട് പദ്ധതിയിടുന്നത്. ഇതിന് വേണ്ടി കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. പതിനാറിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ള ഏകദേശം അറുപതോളം യുവതാരങ്ങളെയാണ് ഇത് വരെ ടീമിലെത്തിച്ചത്. ഇവരിലെ എറ്റവും മികച്ച താരങ്ങൾക്ക് പ്രഫഷണൽ പരിശീലകരുടെ പരിശീലനം ലഭ്യമാക്കും. ഗോവയിലെ ചൗഗുളെ സ്പോർട്സ് സെന്ററിലാണ് നിലവിൽ മുപ്പതോളം താരങ്ങൾ പരിശീലനം നടത്തുന്നത്. അവിടെ പരിശീലിച്ചിരുന്ന ടീമംഗങ്ങളെ ഇന്ത്യൻ ടീം ടെക്നിക്കൽ കോ-ഓർഡിനേറ്റർ സാവിയോ മെദെയ്ര സന്ദർശിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ്, കേരള പ്രീമിയർ ലീഗ് തുടങ്ങിയ പ്രധാന ടൂർണമെന്റകളിൽ മത്സരിക്കാൻ ടീമിനെ തയ്യാറാക്കിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും ടൂറുകൾ നടത്തി രാജ്യത്തെ മികച്ച ക്ലബ്ബുകളുമായി സൗഹൃദ മത്സരങ്ങൾ നടത്താനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്. ഗോവയിൽ നടന്ന സൗഹൃദ മത്സരങ്ങളിൽ എഫ്സി അരീക്കോട് എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുകയും ഇലവൻ എഫ്സിയെ സമനിലയിൽ കുരുക്കുകയും ചെയ്തു. പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെയാണ് എഫ്സി അരീക്കോട് കാഴ്ച വെക്കുന്നത്.

ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും മറ്റു നടപടികളും ഉടൻ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായി ലഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

പ്രഗത്ഭരായ കോച്ചിംഗ് സ്റ്റാഫുകളുടെ സേവനം ക്ലബ്ബിന് ഇപ്പോൾ തന്നെ ലഭ്യമാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ ക്ലബ്ബുകൾക്കായി കളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത ദുലീപ് മേനോൻ ടീമിന്റെ ടെക്നിക്കൽ ഡയറക്ടറാണ്, മുഹമ്മദ് ആഷിഖാണ് ചീഫ് കോച്ച്.

നിരവധി പ്രതിഭാധനരായ താരങ്ങളെ ഇവർക്ക് ഇപ്പോൾ തന്നെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. എം എ കോളേജിന്റെ താരമായ അഭിജിത്ത് എഫ് സി അരിക്കോടിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന പ്രതിഭയാണ്. ഇനിയും ഒരുപാട് മികച്ച താരങ്ങളെ പാകപ്പെടുത്തിയെടുക്കാനും പ്രധാന ടൂർണമെന്റുകളിലെല്ലാം സ്ഥിര സാന്നിധ്യമാവാനും നല്ല പ്രകടനം കാഴ്ച വെക്കാനും എഫ്സി അരിക്കോടിന് കഴിയട്ടെ.

✍️ ജുമാന

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply