അടുത്ത ലോകകപ്പിൽ ഉറപ്പിലെങ്കിലും , കോപ്പ അമേരിക്കയിൽ അർജൻ്റീന ടീമിനൊപ്പം കാണും : ലയണൽ മെസി

2026 ഫുട്ബോൾ ലോകകപ്പിൽ അർജന്റീന ടീമിനൊപ്പം താൻ ഉണ്ടാകുമെന്ന് ഉറപ്പില്ലെങ്കിലും കോച്ച് ലയണൽ സ്കലോനി ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സൂപ്പർ താരം ലയണൽ മെസ്സി. അർജന്റീന ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് മെസ്സി അടുത്ത ലോകകപ്പിനെക്കുറിച്ചു മനസ്സു തുറന്നത്. ‘ഫുട്ബോൾ കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ആസ്വദിക്കുന്നിടത്തോളം കാലം കളിക്കളത്തിൽ തുടരണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ 2026 ലോകകപ്പ് കുറച്ചു വർഷങ്ങൾ അപ്പുറമുള്ള കാര്യമാണ്. അപ്പോൾ എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല..’– മുപ്പത്തിയഞ്ചുകാരനായ മെസ്സി പറഞ്ഞു.

 

എന്നാൽ അടുത്ത വർഷം യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ടീമിനൊപ്പം താൻ ഉണ്ടാകുമെന്ന് മെസ്സി ഉറപ്പു നൽകി. കോച്ച് ലയണൽ സ്കലോനി അർജന്റീന ടീമുമായുള്ള കരാർ നീട്ടുന്നതിനെക്കുറിച്ച് മെസ്സിയുടെ അഭിപ്രായമിങ്ങനെ: ‘അർജന്റീന ടീമിൽ ഇപ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരാളാണ് അദ്ദേഹം. ലോകകപ്പ് ജയത്തോടെയുള്ള ഈ പ്രക്രിയ തുടർന്നു കൊണ്ടു പോകാൻ അദ്ദേഹം വേണം..’. ലോകകപ്പ് ജയത്തിനു ശേഷം ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തിരിച്ചെത്തിയപ്പോൾ ഫ്രാൻസ് താരം കിലിയൻ എംബപെയുമായി ലോകകപ്പ് ഫൈനലിനെക്കുറിച്ചൊന്നും സംസാരിച്ചില്ലെന്നും മെസ്സി പറഞ്ഞു.

What’s your Reaction?
+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Leave a reply