തോറ്റു തുടങ്ങി; കേരള ബ്ലാസ്റ്റേഴ്സിന് 2 ഗോളിന്റെ പരാജയം.

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം.
എ.ടി.കെ.മോഹൻ ബഗാൻ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മത്സരം ചൂടുപിടിക്കുന്നതിന് മുൻപ് തന്നെ 3-ാം മിനുട്ടിൽ മുംബൈ സിറ്റിയിൽ നിന്നും ഈ വർഷം എ.ടി.കെ സ്വന്തമാക്കിയ ഹ്യൂഗോ ബൗമസ് ഗോൾ നേടി കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു. തുടർന്ന് സമനില ഗോളിനായി കേരള ബ്ലാസ്റ്റേഴ്‌സ് അക്രമിച്ചുകളിച്ചതിന്റെ ഫലമായി 23-ാം മിനുട്ടിൽ കെ.പി.രാഹുൽ നൽകിയ അസ്സിസ്റ്റിൽ സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ കണ്ടെത്തി. സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി നേടുന്ന രണ്ടാം ഗോളാണിത്.

എന്നാൽ സമനില ഗോളിന്റെ ആവേശം അടങ്ങുംമുൻപ് തന്നെ എ.ടി.കെ വീണ്ടും ലീഡ് എടുത്തു. ഹ്യൂഗോ ബൗമസ് പെനാൽറ്റി ബോക്സിലേക്ക് നൽകിയ ബോൾ സ്വീകരിക്കാൻ ശ്രമിച്ച റോയ് കൃഷ്ണയെ കേരള ഗോൾ കീപ്പർ ആൽബിനോ ഗോമെസ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ റോയ് കൃഷ്ണയാണ് എ.ടി.കെയ്ക്ക് വേണ്ടി വീണ്ടും ലീഡ് കണ്ടെത്തിയത്.

രണ്ടാം തവണയും ലീഡ് വഴങ്ങേണ്ടി വന്നതിന്റെ ആഘാതത്തിൽ നിന്നും കരകയറും മുൻപ് തന്നെ കേരള പ്രതിരോധത്തെ കീറി മുറിച്ച് ബോക്സിലേക്ക് ഓടി കയറിയ ഹ്യൂഗോ ബൗമസ് ഗോൾ കീപ്പർ ആൽബിനോ ഗോമസിന്റെ കാലുകൾക്കിടയിലൂടെ ബോൾ വലയിലെത്തിച്ചതോടെ ആദ്യ പകുതിയിൽ തന്നെ എ.ടി.കെ.മോഹൻ ബഗാൻ രണ്ട് ഗോളിന്റെ ലീഡ് കണ്ടെത്തി.

രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് താളം കണ്ടെത്തുംമുൻപ് തന്നെ ലിസ്റ്റൻ കൊലാസോ എ.ടി.കെ.യുടെ നാലാം ഗോളും കണ്ടെത്തി. ഇതോടെ 50 മിനുറ്റിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളുകൾക്ക് പിന്നിലായി. 69-ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വയിൻ താരം അഡ്രിയാൻ ലൂണ നൽകിയ പന്തിൽ ബ്ലാസ്റ്റേഴ്സിന്റെ അർജന്റയിൻ താരം ഡയസ് ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ കണ്ടെത്തി തോൽവിയുടെ ഭാരം കുറച്ചു.

25-ാം തീയ്യതി നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply