ഫ്രാന്‍സ് ഫുട്ബോള്‍ എഡിറ്റര്‍-ഇന്‍-ചീഫ് പാസ്‌കല്‍ ഫെറെയ്ക്കെതിരെ തുറന്നടിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
തന്നെ കുറിച്ച് ഫെറെ നുണ പറയുകയാണെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ലയണല്‍ മെസിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡി’ഓര്‍ നേടി വിരമിക്കുകയാണ് തന്റെ ആഗ്രഹമെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നതായി ഫെറെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് റൊണാള്‍ഡോ രംഗത്തുവന്നിരിക്കുന്നത്.
ഫെറെ സ്വയം വലിയവനാകാനും, അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തെ പ്രോത്സാഹിപ്പിക്കാനും തന്റെ പേര് ഉപയോഗിക്കുകയാണെന്ന് റൊണാള്‍ഡോ കുറ്റപ്പെടുത്തി.
ഫ്രാന്‍സ് ഫുട്ബോളിനെയും, ബാലണ്‍ ഡി’ഓറിനേയും ബഹുമാനിക്കുന്ന ഒരാളോട് തികഞ്ഞ അനാദരവാണ് ഉണ്ടായിരിക്കുന്നത്. അഭിമാനകരമായ സമ്മാനം നല്‍കുന്ന ഒരു വ്യക്തി ഈ രീതിയില്‍ കള്ളം പറയുന്നത് അംഗീകരിക്കാനാവില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.
എനിക്ക് വേണ്ടിയും തന്റെ ക്ലബ്ബുകള്‍ക്കുവേണ്ടിയും വിജയിക്കണം. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടിയും ജയിക്കും. ക്ലബ്ബുകള്‍ക്കും ദേശീയ ടീമിനുമായി ദേശീയ അന്തര്‍ദേശീയ കിരീടങ്ങള്‍ നേടുക എന്നതാണ് കരിയറിലെ ഏറ്റവും വലിയ നേട്ടമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദത്തിന് ആസ്പദമായ പ്രസ്താവന ഫെറെ നടത്തിയത്. ഇന്നു പുലർച്ചെ ബാലണ്‍ ഡി’ഓർ സമ്മാനദാന ചടങ്ങ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
✍? എസ്.കെ.
Leave a reply