യൂറോപ്യൻ ഫുട്ബോളിന്റെ ഭാവി പദ്ധതികൾ തീരുമാനിക്കാൻ യുവേഫ സംഘടിപ്പിക്കുന്ന കൺവെൻഷനിൽ ബാഴ്സ, റയൽ മാഡ്രിഡ്, യുവന്റസ് ടീമുകൾക്ക് ക്ഷണമില്ല. കൊവിഡ് പ്രതിസന്ധിയും, സാമ്പത്തിക ബുദ്ധിമുട്ടുകളും ചർച്ച ചെയ്യാനാണ് നിർണായക യോഗം. കളിക്കാരുടെ വേതനം ക്ലബ് വരുമാനത്തിന്റെ 70 ശതമാനത്തിൽ കൂടരുതെന്ന നിബന്ധന ഉൾപ്പെടെ, യൂറോപ്യൻ ഫുട്ബോളിലെ പല നിർണ്ണായക വിഷയങ്ങളും ചർച്ച ചെയ്യപ്പെടാൻ സാധ്യത ഉള്ള കൺവെൻഷനാണ് സ്വിറ്റ്സർലൻഡിൽ നടക്കുക.
സൂപ്പർ ലീഗ് പ്രഖ്യാപനവുമായി മുന്നോട്ടുപോയതാണ് ഈ മൂന്ന് ക്ലബുകളെയും കൺവെൻഷനിലേക്ക് ക്ഷണിക്കാതിരിക്കാൻ കാരണമെന്നാണ് അറിയുന്നത്. യുവേഫയെ വെല്ലുവിളിച്ച് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബുകൾ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പർ ലീഗിൽ നിന്ന് പിൻവലിഞ്ഞിരുന്നു. എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകൾ ആണ് പിന്മാറിയത്. എന്നാല്‍ ടൂര്‍ണമെന്‍റ് നടത്താനുള്ള നീക്കവുമായി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകള്‍ മുന്നോട്ടുപോവുകയായിരുന്നു.
യുറോപ്യൻ ക്ലബ് പ്രതിനിധികൾ, അംഗരാജ്യങ്ങൾ, ലീഗ് പ്രതിനിധികൾ എന്നിവരാണ് സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുക. കൂടാതെ സൂപ്പർ ലീഗ് പ്രഖ്യാപന സമയത്ത് യൂറോപ്യൻ ക്ലബ് അസോസിയേഷനിൽ നിന്നും പിന്മാറിയാൽ 6,7 തീയതികളിൽ നടക്കുന്ന യൂറോപ്യൻ ക്ലബ് അസോസിയേഷൻ മീറ്റിങ്ങുകളിലും ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകൾക്ക് നിലവിലെ സാഹചര്യത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.
✍️ എസ്.കെ.
Leave a reply