മാഡ്രിഡിലെ വാൻഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ലാ ലീഗ മത്സരത്തിൽ ബാർസ ഇന്ന് കരുത്തരായ അത്ലറ്റികോ ഡി മാഡ്രിഡിനെ നേരിടുന്നു. കളി വിജയിച്ച് പോയിൻ്റ് ടേബിളിൻ്റെ ആദ്യ സ്ഥാനങ്ങൾ പിടിക്കാൻ രണ്ട് ടീമിനും ഇന്നത്തെ മത്സരം അതിനിർണായകം. ബാഴ്സയിൽ നിന്ന് ലോണിൽ തിരിച്ച് അത്ലറ്റികോ ഡി മാഡ്രിഡിലെത്തിയ ഗ്രീസ്മാൻ ആദ്യമായാണ് ബാർസക്ക് എതിരെ ഇറങ്ങുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ബാഴ്സ മാനേജർ റൊണാൾഡ് കൂമാൻ സസ്പെൻഷനിൽ ആയതുകൊണ്ട് തന്നെ സൈഡ് ലൈനിന് അരികെ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം ഈ മത്സരത്തിലും കാണില്ല. കാൽതുടക്കേറ്റ പരിക്കിന് ശേഷം ബെൻഫീക്കയ് ക്കെതിരെ ഇറങ്ങിയ യുവതാരം പെഡ്രിയ്ക്ക് ചെറിയ അസ്വസ്ഥത മൂലം ഈ മത്സരത്തിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്ന് സെൻട്രൽ ഡിഫൻസ് വെച്ച് കളിക്കുന്ന ശൈലി കഴിഞ്ഞ മത്സരത്തിൽ അമ്പേപരാജയമായ സ്ഥിതിക്ക് അതുണ്ടാകാൻ സാധ്യതയില്ല. ടെർ സ്റ്റേഗൻ ഗോൾ വലക്ക് മുന്നിൽ കാവൽ നിക്കുമ്പോൾ യുവ പ്രതിരോധ താരം അറോഹോക്കൊപ്പം പരിചയ സമ്പന്നനായ പിക്യെയായിരിക്കും സ്ഥാനം പിടിക്കുക. സെർജിനോ ഡസ്റ്റ് ലെഫ്റ്റ് വിങ്ങിലൂടെ മിന്നൽപിണറാകുമ്പോൾ, റൈറ്റ് വിംഗിൽ ഓസ്കാർ മിംഗ്വെസ ചീറ്റപുലിയാകും. ക്യാപ്റ്റനായ ബുസ്കേറ്റ്സ് നയിക്കുന്ന മധ്യനിരയിൽ ബുസ്കേറ്റ്സിനൊപ്പം ഫ്രെങ്കീ ഡി യോങ്ങും കൗമാരക്കാരൻ പാബ്ലോ ഗാവിയും ഇടം പിടിക്കും. മധ്യനിരക്ക് തൊട്ട് മുന്നിലായി കൗട്ടിഞ്ഞോ അറ്റാക്കിങ് മിഡ് റോളിൽ അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നൂ. സൂപ്പർ താരങ്ങളായ അൻസൂ ഫാറ്റിയും മെൻഫിസ് ഡിപേയും ആദ്യമായി ഒരുമിച്ച് ആദ്യപതിനൊന്നിൽ സാന്നിദ്ധ്യം അറിയിക്കും. ക്ലബ് മാനേജർ സ്ഥാനം ഏതാണ്ട് കൈവിട്ട് പോകുമെന്നുറപ്പായ റൊണാൾഡ് കൂമന് ഇത് അഭിമാന പോരാട്ടമാണ്. വിജയത്തിൽ കുറച്ചൊന്നും പ്രതീക്ഷിക്കുന്നില്ല.
ലാ ലീഗ കിരീടം നിലനിർത്താൻ അത്‌ലറ്റികോ ഡീ മാഡ്രിഡിനും ഇന്നത്തെ മത്സരം നിർണായകം തന്നെ. ബാഴ്സ മുൻ താരങ്ങളായ സുവാരസും ഗ്രീസ്മാനും ഇന്ന് അത്ലറ്റികോയുടെ മുന്നേറ്റം നയിക്കുമെന്നത് കൗതുകകരമായ വസ്തുതയാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 12:30ന് അത്ലറ്റികോയുടെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ ആദ്യകിക്കെടുക്കുന്നതാണ്.
MTV ചാനലിലും ജിയോ TV, Voot ആപ്പുകളിലും തൽസമയം മത്സരം വീക്ഷിക്കാം.
✒️ Catalan Cule
Leave a reply