ഉജ്വലം ബാഴ്സ; ഗാംപർ ട്രോഫിയിൽ വിജയം. യുവന്റസിന് അടിതെറ്റി.

ഇന്ന് പുലർച്ചെ നടന്ന ജോവാൻ ഗാംപർ ട്രോഫിയിൽ ബാഴ്‌സയ്ക്ക് ഉജ്വല വിജയം. ബാഴ്സലോണയിലെ ജൊഹാൻ ക്രയ്‌ഫ്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സ യുവന്റസിനെ ഇറ്റലിയിലേക്ക് മടക്കി അയച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ മൂന്നാം മിനുറ്റിൽ തന്നെ യൂസഫ് ഡെമിർന്റെ അസ്സിസ്റ്റിൽ ഡിപെ ഗോൾ നേടിയതോടെ ബാഴ്സ മുന്നിലെത്തി. പിന്നീട് ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും പകുതി സമയത്ത് മത്സരം 1-0 സ്കോറിന് അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 57ആം മിനുറ്റിൽ ബ്രാത്വൈറ്റും, ഇഞ്ചുറി ടൈമിൽ റിക്വിയും ഗോൾ നേടിയതോടെ 3-0 എന്ന സ്കോറിന് ബാഴ്സ മത്സരം കൈപ്പിടിയിൽ ഒതുക്കി.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങൾ യുവന്റസിനായി മത്സരത്തിന് ഇറങ്ങിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. മികച്ച ആക്രമണങ്ങൾ യുവന്റസ് നടത്തിയെങ്കിലും മികച്ച ഫോമിലായിരുന്നു ബാഴ്സ ഗോൾ കീപ്പർ നെറ്റോയെ മറികടക്കാൻ ആയില്ല. മത്സരത്തിൽ നെറ്റോയുടെ മികച്ച പ്രകടനമാണ് യുവന്റസിനെ ഗോൾ നേടുന്നതിൽ നിന്നും വിലക്കിയത്. നെറ്റോ തന്നെയാണ് മത്സരത്തിലെ താരം. ബാഴ്സലോണയും മെസ്സിയും വഴിപിരിഞ്ഞ ശേഷമുള്ള ബാഴ്സയുടെ ആദ്യ മത്സരം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.

ഇന്നലെ നടന്ന വിമൻസ് ടീമുകളുടെ പോരാട്ടത്തിലും യുവന്റസിന് എതിരെ ബാഴ്സക്ക് തന്നെ ആയിരുന്നു വിജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്സ വിമൻസ് ടീം വിജയിച്ചത്. ജോവാൻ ഗാംപർ ട്രോഫിയിൽ 2005ലാണ് ജുവെന്റസ് ഇതിനു മുൻപ് ബാഴ്‌സയോട് ഏറ്റുമുട്ടിയിട്ടുള്ളത്. 2-2 സ്‌കോറിൽ അവസാനിച്ച മത്സരത്തിൽ, പെനാൽറ്റി ഷൂട്ട്ഔട്ടിൽ നേടിയ വിജയത്തോടെ യുവന്റസ് ട്രോഫി സ്വന്തമാക്കുകയായിരുന്നു. ബാഴ്‌സലോണ ക്ലബ്ബിന്റെ തുടക്കകാരിൽ ഒരാളും, മുൻ താരവും, ക്ലബ് പ്രസിഡന്റും ആയിരുന്ന ജോവാൻ ഗാംപെറോടുള്ള ആദരസൂചകമായി എല്ലാ വർഷവും നടത്തപ്പെടുന്ന മത്സരമാണ് ജോവാൻ ഗാംപർ ട്രോഫി.

  • – എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply