ചാംപ്യൻസ് ലീഗിൽ ഗ്രൂപ്പ് തല മത്സരങ്ങളിൽ കരുത്തൻമാരുടെ പോരാട്ടം. ജയം തുടരാൻ ബയേൺ മ്യൂണിക് ഇറങ്ങുമ്പോൾ വിജയം മോഹിച്ച് എഫ്.സി.ബാഴ്സലോണയും, മാഞ്ചസ്റ്റർ യുണൈറ്റഡും. മറ്റൊരു മത്സരത്തിൽ യുവന്റസും ചെൽസിയും നേർക്കുനേർ.
ഗ്രൂപ്പ് ഇ-യിൽ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക് യുക്രൈൻ ക്ലബ്ബ് ഡൈനാമോ കീവിനെ നേരിടും. ആദ്യകളിയിൽ ബാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബയേൺ ഇന്നിറങ്ങുന്നത്. ബാഴ്സയ്ക്ക് ബെൻഫിക്കയാണ് എതിരാളി. ഗ്രൂപ്പ് ഡി-യിൽ ആദ്യകളി തോറ്റ മാഞ്ചെസ്റ്റർ യുണൈറ്റഡിന് സ്പാനിഷ് ക്ലബ്ബ് വിയ്യാറയലാണ് എതിരാളികൾ.
വിവിധ ടൂർണമെന്റുകളിലായി മൂന്ന് മത്സരങ്ങൾ തുടരെ പരാജയപ്പെട്ടത് യുണൈറ്റഡ് പരിശീലകൻ ഓലെ സോൾഷേറിന് സമ്മർദ്ദം നൽകുന്നുണ്ട്. കഴിഞ്ഞ സീസൺ യൂറോപ്പ കപ്പ് ഫൈനലിൽ യുണൈറ്റഡ് വിയ്യാറയലിനോട് തോൽവി വഴങ്ങിയിരുന്നു. അതിന് തിരിച്ചടി നൽകാനാണ് ഓലെയും സംഘവും ഇന്നിറങ്ങുന്നത്. ചാംപ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ദുർബലരായ യങ് ബോയ്സ് യുണൈറ്റഡിനെ അട്ടിമറിച്ചിരുന്നു.
ഗ്രൂപ്പ് എച്ചിലാണ് ചെൽസി-യുവന്റസ് മത്സരം. സീരി എ-യിലെ അവസാന കളി ജയിച്ചാണ് യുവന്റസ് വരുന്നത്. മറുവശത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയോട് ചെൽസി അവസാന മത്സരത്തിൽ ഒരു ഗോളിന്റെ തോൽവി വഴങ്ങിയിരുന്നു. ഈ മത്സരങ്ങൾ രാത്രി 12.30-ന് ആരംഭിക്കും. രാത്രി 10.30-ന് അറ്റ്ലാന്റ- യങ്ബോയ്സിനെയും സെനീത് സെയ്ന്റ് പീറ്റേഴ്സ്ബർഗ് മാൽമോയെയും നേരിടും.
✍? എസ്.കെ.
Leave a reply