യുവേഫ ചാംപ്യൻസ് ലീഗിൽ ഗ്രൂപ്പ് തല പോരാട്ടത്തിൽ വില്ലറയലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും ജയം. ഇഞ്ചുറി സമയത്തിന്റെ അവസാനം വരെ 1-1 സമനിലയിൽ പുരോഗമിച്ച മത്സരത്തിൽ അവസാന നിമിഷം യുണൈറ്റഡിന്റെ രക്ഷകനായി റൊണാൾഡോ അവതരിച്ചു. അവസാന നിമിഷം റൊണാൾഡോ നേടിയ ത്രില്ലർ ഗോളിൽ യുണൈറ്റഡ് 2-1ന് മത്സരം കൈപ്പിടിയിലൊതുക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആദ്യം ആൾകേസറിലൂടെ വില്ലറയലായിരുന്നു ഗോൾ കണ്ടെത്തിയത്. എന്നാൽ അലക്സ് ടെല്ലെസിന്റെ ഒരു തകർപ്പൻ ഗോളിലൂടെ ഉടൻ തന്നെ യുണൈറ്റഡ് സമനില ഗോൾ നേടി. തുടർന്ന് നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലും ഗോളുകൾ അകന്നു നിന്നു. സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിന്റെ നിശ്ചിത സമയത്തിന് ശേഷം ലഭിച്ച ഇഞ്ചുറി സമയത്താണ് ലിംഗാർഡിന്റെ അസ്സിസ്റ്റിൽ റൊണാൾഡോയുടെ ഗോൾ വില്ലറയൽ വല വീണ്ടും കുലുക്കിയത്.
മറ്റൊരു മത്സരത്തിൽ ബാഴ്സലോണക്ക് ബെൻഫിക്കയോട് നാണംകെട്ട തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെൻഫിക്ക ബാഴ്‌സയെ തകർത്തത്. ഇതോടെ ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ബാഴ്സ ഏറ്റവും അവസാന സ്ഥാനത്താണ്.
ചെൽസി-യുവന്റസ് മത്സരത്തിൽ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തി. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് നേരിട്ട ഒരു ഗോൾ പരാജയത്തോടെ ചാംപ്യൻസ് ലീഗ് പോരാട്ടത്തിനിറങ്ങിയ ചെൽസി അതേ സ്കോറിന് തന്നെ യുവന്റസിനോടും പരാജയപ്പെടുകയായിരുന്നു. യുവന്റസിനായി ചിയേസയാണ് ഗോൾ നേടിയത്.
ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ബയേൺ മ്യൂണിക്ക്- ഡൈനാമോ കീവിനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപെടുത്തിയപ്പോൾ. അറ്റ്ലാന്റ യങ്ബോയ്സിനെ 1-0നും, സെനീത് മാൽമോയെ 4-0നും, സാൽസ്ബർഗ് ലില്ലിയെ 2-1നും പരാജയപ്പെടുത്തി. വോൾഫ്സ്ബർഗ് സെവില്ല മത്സരം 1-1 സമനിലയിലും അവസാനിച്ചു.
✍? എസ്.കെ.
Leave a reply