ചെങ്കൽച്ചൂളയിലെ മിടുക്കരുടെ പ്രാവീണ്യം ഡാൻസിലും പാട്ടിലും ഒതുങ്ങുന്നില്ല. തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ പെൺപുലികൾ അതിജീവനത്തിനായി കാൽപന്തിനെ കൂട്ട് പിടിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികളും പ്രാരാബ്ധവും അവഗണനയും കാരണം അവസരങ്ങൾ നഷ്ടപ്പെടുന്ന ചെങ്കൽച്ചൂളയിലെ കുട്ടികൾ അവരുടെ കഴിവുകളെ മുറുകെപ്പിടിച്ച് വളർന്നു വരികയാണ്. വൈറലായ ഡാൻസ് വീഡിയോക്ക് പിന്നാലെ ചേരിയിലെ പെൺകുട്ടികളുടെ കാൽപന്തിനോടുള്ള അഭിനിവേശവും വാർത്തയാവുകയാണ്.
സഹോദരികളായ ഫേബയും അൽഫയും അവരുടെ പിതാവ് ക്ലെമന്റും മുൻകയ്യെടുത്താരംഭിച്ച ഈ സംരംഭത്തിൽ ഇപ്പോൾ പതിനഞ്ചോളം പെൺകുട്ടികളും ഇരുപതോളം ആൺകുട്ടികളും പരിശീലനം നടത്തുന്നുണ്ട്. ഫേബയും അൽഫയും ഇവിടത്തെ വിദ്യാർഥികൾ തന്നെയാണ്. പരിമിതികളെ ചാടിക്കടന്ന് മുന്നേറാൻ കൊതിക്കുന്ന ഈ കുട്ടികളെ പരിശീലിപ്പിക്കാൻ പ്രഗത്ഭരായ പരിശീലകരെത്തി. ഇവരുടെ കോച്ച് മനു നൽകുന്ന പരിശീലനവും പിന്തുണയും ഇവർക്ക് മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജവും ഉന്മേഷവും പകരുന്നു. ഈ സംരംഭത്തിന്റെ ഭാഗമായ മിക്ക കുട്ടികളും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
തികച്ചും സൗജന്യമായാണ് ഇവർക്ക് ഇവിടെ പരിശീലനം ലഭിക്കുന്നത്. താൽക്കാലികമായി പരിശീലനത്തിന് ഒരു സൗജന്യ കോർട്ട് ഉണ്ട്. ചെങ്കൽചൂളയിലെ ഈ നിപുണരായ വിദ്യാർഥികൾക്ക് സ്പോൺസർഷിപ്പ് ആവശ്യമാണ്. ബൂട്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയുമാണ് ചിലർ ഇവിടെ പരിശീലനം നടത്തുന്നത്. അത്പോലെ ഇവർക്കായി ഇതുവരെ ജഴ്സിയുമില്ല. താൽക്കാലികമായി ഒരു സൗജന്യ കോർട്ടുണ്ടെങ്കിലും തങ്ങളുടേതെന്ന് അവകാശപ്പെടാൻ ഇവർക്ക് സ്വന്തമായി ഗ്രൗണ്ടുമില്ല. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് ഇത്രയും ദൂരമെത്തി നിൽക്കുന്ന ഈ കുട്ടികൾ തൃപ്തികരമായ ശ്രദ്ധയും സഹായങ്ങളും അർഹിക്കുന്നുണ്ട്.
ക്രൈം ക്യാപിറ്റൽ എന്ന് മുദ്രകുത്തപ്പെട്ട ചെങ്കൽച്ചൂളയിലെ പുതുതലമുറ അത് തിരുത്തിക്കുറിക്കുകയാണ്. അവഗണനയുടെ ആഴക്കിടങ്ങുകളിലേക്ക് അടിച്ചമർത്തപ്പെട്ട ഒരു ചേരി കായിക കേരളത്തിന് മുതൽക്കൂട്ടാവുകയാണ്. രാജാജി നഗറിലെ, ചെങ്കൽച്ചൂള കോളനിയിലെ ഇളം തലമുറക്കാർ അവരുടെ കഴിവുകളെ ആയുധങ്ങളാക്കി ഉയരങ്ങൾ കീഴടക്കട്ടെ !
Pic Courtesy : Asianet News
✍️ ജുമാന
Leave a reply