കമ്മ്യൂണിറ്റി ഷീൽഡ് ലെസ്റ്ററിന് ; മാഞ്ചെസ്റ്റർ സിറ്റിക്ക് പരാജയം.

എഫ്.എ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റിയും എഫ്.എ കപ്പ് ജേതാക്കളായ ലെസ്റ്റർ സിറ്റിയും ഇറങ്ങിയതോടെ ഇംഗ്ലീഷ് ഫുട്ബോൾ സീസണ് ആരംഭം കുറിച്ചു. പതിവുപോലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്ക് മേലെ നേരിയ ആധിപത്യം സ്ഥാപിക്കാൻ ലെസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ജെയ്‌മി വാർഡിയിലൂടെ സിറ്റി ഗോൾ മുഖത്ത് നിരന്തരം അപകടങ്ങൾ വിതക്കാൻ ലെസ്റ്ററിനു സാധിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. വളരെ പതിഞ്ഞ താളത്തിൽ കളി ആരംഭിച്ച മാഞ്ചെസ്റ്റർ സിറ്റി ആദ്യ പകുതിയുടെ അവസാന മിനുറ്റുകളിൽ ഉണർന്നു കളിച്ചെങ്കിലും ലെസ്റ്റർ പ്രതിരോധം മറികടക്കാനായില്ല. ആദ്യപകുതിയുടെ അവസാന മിനുറ്റിൽ ലെസ്റ്റർ താരം ജെയ്‌മി വാർഡിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി അകന്നതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ മാഞ്ചെസ്റ്റർ സിറ്റി കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും 88ആം മിനുട്ടിൽ നാഥെൻ അകെ നാച്ചോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി നാച്ചോ ഗോൾ ആക്കി മാറ്റിയതോടെ ലെസ്റ്റർ മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ലെസ്റ്റർ സിറ്റി നേടുന്ന രണ്ടാമത് കമ്മ്യൂണിറ്റി ഷീൽഡാണിത്. 1971ലാണ് ലെസ്റ്റർ ഇതിനു മുൻപ് കമ്മ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കിയത്. മാഞ്ചെസ്റ്റർ സിറ്റിക്ക് ഇതുവരെ ആറ് കമ്മ്യൂണിറ്റി ഷീൽഡുകളാണ് കൈവശം ഉള്ളത്. കമ്മ്യൂണിറ്റി ഷീൽഡിന്റെ തൊണ്ണൂറ്റി ആറാമത് എഡീഷനാണ് ഇന്ന് നടന്നത്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആസ്റ്റൺ വില്ലയിൽ നിന്നും മാഞ്ചെസ്റ്റർ സിറ്റി സ്വന്തമാക്കിയ ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വിലകൂടിയ താരം ജാക്ക് ഗ്രീലിഷ് രണ്ടാം പകുതിയിൽ പകരക്കാരനായി എത്തി സിറ്റിക്കായി അരങ്ങേറ്റം കുറിച്ചു. ഓഗസ്റ്റ് പതിനാലിനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭിക്കുക.

  • – എസ്‌.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply