കോപ്പ അമേരിക്ക : സ്വപ്ന ഫൈനൽ

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന സ്വപ്ന ഫൈനലിന് ബ്രസീലിൽ കളമൊരുങ്ങുന്നു. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല; കൊളംബിയയെ മറികടന്ന് അർജൻറീനയും ഫൈനൽ പ്രവേശനം നേടിയപ്പോൾ ആരാധകരുടെ സ്വപ്ന ഫൈനലിന് സാക്ഷാത്കാരം. നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ജൂലൈ 11 ഇന്ത്യൻ സമയം രാവിലെ 5:30ക്ക് മാറക്കാനയിൽവെച്ച് അർജന്റീനയെ നേരിടും .

ഗ്രൂപ്പ് ഘട്ടത്തിൽ നാല് കളികളിൽ മൂന്നു വിജയവും ഒരു സമനിലയുമായി 10 പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് ബ്രസീൽ നോക്കൗട്ട് സ്റ്റേജിൽ പ്രവേശിച്ചത്. തുടർന്ന് ക്വാർട്ടറിൽ ലൂക്കാസ് പക്വേറ്റയുടെ വിജയ ഗോളിൽ 1-0 എന്ന സ്കോറിൽ ചിലെ യെ വീഴ്ത്തി. സെമിഫൈനലിൽ പക്വേറ്റയുടെ ബൂട്ടിൽ നിന്ന് തന്നെയുള്ള വിജയഗോളിൽ അതേ ഗോൾ മാർജിനിൽ പെറുവിനെതിരെ വിജയിച്ച് ഫൈനലിൽ പ്രവേശിച്ചു. ചിലെയ്ക്കെതിരായ ക്വാർട്ടറിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ഗബ്രിയേൽ ജീസസസിന് രണ്ട് കളിയിൽ സസ്പെൻഷൻ ഉള്ളതിനാൽ ഫൈനൽ നഷ്ടമാകും. കോപ്പ അമേരിക്ക ഫുട്ബോളിൽ കഴിഞ്ഞ 14 പതിപ്പുകളിൽ ഇത് ഒമ്പതാം തവണയാണ് ബ്രസീൽ ഫൈനൽ കളിക്കുന്നത്. അതിൽ 6 തവണ ജേതാക്കളായി. നിലവിൽ ഒമ്പത് കിരീടങ്ങൾ ബ്രസീലിൻറെ പേരിലാണ്.

അർജൻറീനയും നാല് കളികളിൽ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റോടെ ഗ്രൂപ്പ് B ജേതാക്കളാണ്. ക്വാർട്ടർ ഫൈനലിൽ നേരിട്ട ഇക്വഡോറിനെതിരെ 3-0 എന്ന സ്കോറിന്റെ ഉജ്ജ്വല വിജയത്തോടെ സെമി ഫൈനലിൽ കടന്നു. ഷൂട്ടൗട്ട് വരെ നീണ്ട സെമിഫൈനൽ പോരാട്ടത്തിൽ 3-2 ന് പരുക്കരായ കൊളംബിയയെ തകർത്തു. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് ഷൂട്ടൗട്ടിലെ ഹാട്രിക് സേവോടെ അർജൻറീനയുടെ വിജയശില്പിയായി മാറിയത്.

കോപ്പ ഫൈനലിൽ 13 വർഷത്തിനുശേഷം ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുമ്പോൾ ആരാധകർ മത്സരത്തിന് ചൂട് കൂട്ടി കാത്തിരിക്കുകയാണ്. തോൽവിയറിയാതെ എത്തുന്ന ഇരുകൂട്ടരും കലാശപ്പോരാട്ടത്തിൽ തോൽക്കാൻ മടിക്കും. അതുകൊണ്ട് തന്നെ തീപാറും എന്ന് പ്രതീക്ഷിക്കാം. അർജന്റീനയുടെ നെടുംതൂണായ മെസ്സി ഫോമിലാണ് എന്നത് അർജന്റീന ആരാധകർക്ക് ആശ്വാസം പകരുന്നു. ഫൈനലിൽ ചിരവൈരികളായ അർജന്റീനയെ എതിരാളികളായി കിട്ടാനാണ് ആഗ്രഹമെന്നും ബ്രസീൽ തന്നെ കിരീടം നേടുമെന്ന് ഉറപ്പുണ്ടെന്നും ബ്രസീൽ താരം നെയ്മർ. ഇരു ടീമുകളും ഒരു രാജ്യാന്തര മത്സരത്തിൽ തോൽവി അറിഞ്ഞിട്ട് രണ്ടുവർഷമായി; കോപ്പയിൽ അതിനൊരു അന്ത്യമാകും. അർജന്റീന അവസാനമായി തോൽവി വഴങ്ങിയത് ബ്രസീലിനോടും, ബ്രസീൽ അവസാനമായി പരാജയപ്പെട്ടത് അർജൻറീനയോടുമാണ് എന്നൊരു വസ്തുതയുമുണ്ട്.

എല്ലാ തരത്തിലും ഒരു ക്ലാസിക് ഫൈനലിന് തന്നെയാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കലാശപ്പോരിൽ അതിഥികളാണോ ആതിഥേയരാണോ കിരീടം ഉയർത്താൻ പോകുന്നത് ? ഞായറാഴ്ച മാറക്കാനയിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇതിനൊരു ഉത്തരമാകും. ലോകത്തെ ഏറ്റവും പഴക്കം ചെന്ന രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിലെ പുതിയ ചാമ്പ്യന്മാരാരെന്ന് അറിയാൻ ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply