“തിരുമ്പി വന്തിട്ടേൻ സൊല്ല്, ഇത് റോണോ ഡാ…”

ഇന്ന് പുലർച്ചെ നടന്ന പോർച്ചുഗൽ-അയർലാൻഡ് വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കണ്ടത് ആന്റി ക്ലൈമാക്സ്. മത്സരത്തിന്റെ പന്ത്രണ്ടാം മിനുറ്റിൽ പെനാൽറ്റി ലഭിച്ചെങ്കിലും അത് ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കിയതോടെ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കുന്നത് കാണാൻ കാത്തിരുന്ന റൊണാൾഡോ ആരാധകരൊക്കെ നിരാശരായിരുന്നു. നാല്പത്തിയഞ്ചാം മിനുറ്റിൽ ജോൺ എഗൻ അയർലാൻഡിനു വേണ്ടി ലീഡ് കണ്ടെത്തിയതോടെ അനായാസം വിജയം പ്രതീക്ഷിച്ച പോർച്ചുഗൽ ആരാധകരൊക്കെ ഗ്രൂപ്പിലെ ആദ്യ തോൽവി മണത്തുതുടങ്ങിയിരുന്നു.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും പോർചുഗലിന്റെ ഗോൾ ശ്രമങ്ങളെല്ലാം തുടരെ പരാജയപെട്ടുകൊണ്ടിരുന്നു. പത്തൊൻപത് വയസ് മാത്രം പ്രായമുള്ള ഐറിഷ് ഗോൾ കീപ്പർ ഗവിൻ ബസുനു മികച്ച ഫോമിൽ കളിച്ചതും പോർച്ചുഗലിന് ഗോൾ കണ്ടെത്താൻ വിലങ്ങ്തടിയായി.

എന്നാൽ മത്സരത്തിന്റെ വിധി മറ്റൊന്നായിരുന്നു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ റൊണാൾഡോ തുടരെ കണ്ടെത്തിയത് രണ്ട് ഗോളുകൾ. രണ്ടും ഹെഡർ ഗോളുകൾ. ഇതോടെ മത്സരത്തിന്റെ ആന്റിക്ലൈമാക്സിൽ 2-1ന്റെ വിജയം പോർച്ചുഗൽ സ്വന്തമാക്കുകയായിരുന്നു. രണ്ട് ഗോളുകൾ കണ്ടെത്തിയതോടെ റൊണാൾഡോ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു.

180 മത്സരങ്ങളിൽ നിന്ന് 111 ഗോളുകളാണ് ഇതുവരെ പോർച്ചുഗല്ലിനായി റൊണാൾഡോയുടെ സമ്പാദ്യം. റൊണാൾഡോ തന്റെ പഴയ ക്ലബ്ബായ യുവന്റസിനായി അവസാനം കളിച്ച മത്സരത്തിൽ ഈ മത്സരത്തിലെന്ന പോലെ സ്കോർ സമനില പാലിച്ച് നിൽകുമ്പോൾ, മത്സരത്തിന്റെ അവസാന മിനുറ്റിൽ ഒരു ഹെഡർ വലക്കകത്ത് എത്തിച്ചിരുന്നു. പക്ഷെ വാർ സംവിധാനത്തിൽ ഇത് ഓഫ് സൈഡ് ആയിരുന്നു. എന്നാൽ അത് ഗോൾ ആണെന്ന് കരുതി ജേഴ്‌സി അഴിച്ച് ആഘോഷിച്ച റൊണാൾഡോ നിരവധി ട്രോളുകളും, പരിഹാസങ്ങളും ഏറ്റുവാങ്ങിയിരുന്നു. അതിന്റെ തുടർച്ച എന്നോളം ഇന്നലെ പെനാൽറ്റിയും പാഴാക്കി റൊണാൾഡോ ആകെ നിരാശപ്പെടുത്തി. പക്ഷെ ഇന്നലെ അവസാന നിമിഷങ്ങളിൽ റൊണാൾഡോ തന്റെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. രണ്ടാം ഗോൾ കണ്ടെത്തിയതോടെ ജേഴ്‌സി അഴിച്ച് ആഘോഷിച്ച റൊണാൾഡോ ഇന്നലെ നൽകിയത് തന്നെ നോക്കി പരിഹസിച്ചവർക്കുള്ള ചുട്ട മറുപടി കൂടെ ആയിരുന്നു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply