തന്റെ മുൻകാല ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ന്യൂകാസിൽ യൂണൈറ്റഡുമായി നടന്ന അരങ്ങേറ്റ മത്സരത്തിൽ നടത്തിയത് മിന്നും പ്രകടനം. ആദ്യ പകുതിയുടെ അധിക സമയത്ത് ഗ്രീൻവുഡിന്റെ ഷോട്ട് ന്യൂകാസിൽ ഗോളി വുഡ്‌മാൻ തടുത്തിട്ടെങ്കിലും ബോക്സിൽ തക്കംപാർത്തിരുന്ന റൊണാൾഡോ റീബൗണ്ട് ബോൾ ഗോളാക്കുകയായിരുന്നു. മത്സരത്തിന്റെ അൻപത്തിയാറാം മിനുട്ടിൽ മാൻക്വിലോയിലൂടെ ന്യൂകാസിൽ സമനില നേടിയെങ്കിലും ആറ് മിനുട്ടിനകം ലുക്ക് ഷോയുടെ അസ്സിസ്റ്റിലൂടെ റൊണാൾഡോ യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു. തുടർന്ന് മത്സരം അവസാനിക്കാൻ പത്ത് മിനുട്ട് മാത്രം ബാക്കി നിൽക്കെ പോഗ്ബയുടെ അസ്സിസ്റ്റിലൂടെ ബ്രൂണോ ഫെർണാണ്ടസും, ലിംഗാർഡും കൂടെ ഗോൾ കണ്ടെത്തിയതോടെ യുണൈറ്റഡ് 4-1ന്റെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ 1-0 സ്കോറിന് പരാജയപ്പെടുത്തി. ബെർണാഡോ സിൽവയാണ് സിറ്റിക്കായി ഗോൾ നേടിയത്. മത്സരത്തിലുടനീളം മാഞ്ചസ്റ്റർ സിറ്റി ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. ഈ സീസണിന്റെ തുടക്കത്തിൽ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ സിറ്റിയെ ഇതേ സ്കോറിന് പരാജയപ്പെടുത്തിയിരുന്നു. ആ പരാജയത്തിന് ഇന്നത്തെ വിജയത്തിലൂടെ മാഞ്ചസ്റ്റർ സിറ്റി മറുപടി പറഞ്ഞു.
ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ചെൽസി ആസ്റ്റൺ വിലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. ലുക്കാകു രണ്ട് ഗോളും, കൊവാസിച്ച് ഒരു ഗോളും നേടി. ക്രിസ്റ്റൽ പാലസ് ടോട്ടൻഹാമിനെ 3-0 സ്കോറിനും, വോൾവ്‌സ് വാറ്റ്ഫോഡിനെ 2-0 സ്കോറിനും, ബ്രൈറ്റൻ ബ്രെന്റ്ഫോഡിനെ 1-0 സ്കോറിനും, ആർസെനൽ നോർവിച്ച് സിറ്റിയെ 1-0 സ്കോറിനും പരാജയപ്പെടുത്തി. സൗത്താംപ്ടൺ വെസ്റ്റ്ഹാം മത്സരം ഗോൾ രഹിത സമനിലയിലും കലാശിച്ചു.
✍️ എസ്.കെ.
Leave a reply