ഉത്രാടപാച്ചിലും ഓണവും കഴിഞ്ഞെങ്കിലും കാൽപന്ത് പ്രേമികൾക്ക് ഇന്ന് ട്രാൻസ്ഫർ ജാലക പാച്ചിലാണ്. താരങ്ങളെ മറ്റു ടീമുകളിൽ നിന്നും സ്വന്തമാക്കാൻ ലഭിക്കുന്ന സമയത്തെയാണ് ട്രാൻസ്ഫർ വിൻഡോ എന്നറിയപ്പെടുന്നത്. ഇന്ന് ഈ വർഷത്തെ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമാണ്. മെസ്സിയും, റൊണാൾഡോയും, റാമോസും, വരാനെയും, ജാക്ക് ഗ്രീലിഷും, ലുക്കാകുവും, ജാഡൻ സാഞ്ചോയും ഉൾപ്പെടെ എണ്ണം പറഞ്ഞ പല സൂപ്പർ താരങ്ങളുടെയും ട്രാൻസ്ഫർ നടന്ന ഈ വിൻഡോ വമ്പൻ ട്വിസ്റ്റുകളുടേത് കൂടെയായിരുന്നു. ഹാരി കെയ്ൻ, എംബാപ്പെ, ഹാലണ്ട് തുടങ്ങി പല പ്രമുഖ താരങ്ങളുടെയും ട്രാൻസ്ഫർ മോഹങ്ങൾ പൂവണിയാതെ വന്നതും ഈ ട്രാൻസ്ഫർ വിന്ഡോയിലെ കാഴ്ചയായി. എന്നാൽ എംബാപ്പെയുടെ കാര്യത്തിൽ ഈ അവസാന ദിവസവും ചില ട്വിസ്റ്റുകൾ പലരും പ്രതീക്ഷിക്കുന്നുണ്ട്.
ക്ലബ്ബുകളും, താരങ്ങളുടെ ഏജന്റുമാരും ഓടി നടന്ന് അവസാനവട്ട ചർച്ചകൾ നടത്തി ചില ട്രാൻസ്ഫെറുകൾ കൂടെ സാധ്യമാക്കാൻ ശ്രമിക്കുന്ന ഈ അവസാന ദിവസത്തെ ബാക്കിയുള്ള മണിക്കൂറുകളിൽ എന്തൊക്കെ ട്വിസ്റ്റുകളാണ് നടക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന സമയം പരിശോധിക്കാം: (ഇന്ത്യൻ സമയം)
ഇംഗ്ലീഷ് പ്രീമിയർ ലീഗ് : സെപ്തം.1 പുലർച്ചെ 3:30
സ്പാനിഷ് ലാ-ലിഗ : സെപ്തം.1 പുലർച്ചെ 3:30
ജർമൻ ബുണ്ടസ്‌ലീഗ : ഓഗസ്റ്റ് 31 രാത്രി 9:30
ഇറ്റാലിയൻ സിരി-എ : സെപ്തം.1 പുലർച്ചെ 4:30
ഫ്രഞ്ച് ലീഗ് വൺ : സെപ്തം.1 പുലർച്ചെ 4:30
എന്നാൽ ഈ സമയത്തിന് ശേഷവും നിലവിൽ ടീമിലുള്ള താരങ്ങളെ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചിട്ടില്ലാത്ത മറ്റു വിദേശ ലീഗിലെ ടീമുകളിലേക്ക് വില്പന നടത്താനോ, ലോൺ അടിസ്ഥാനത്തിൽ അയക്കാനോ സാധിക്കും.
✍️ എസ്.കെ.
Leave a reply