“ഞായറാഴ്ച്ച ഒരു സങ്കട കാഴ്ച്ച” പ്രമുഖ ടീമുകൾക്കെല്ലാം പരാജയം.

ഇന്നലെ ഞായറാഴ്ച്ച യൂറോപ്യൻ ഫുട്ബോളിലെ പല പ്രമുഖ ടീമുകൾക്കും നിരാശയുടേതായിരുന്നു. ലിവർപൂൾ – മാഞ്ചസ്റ്റർ സിറ്റി മത്സരം സമനിലയിൽ അവസാനിച്ചത് മാറ്റിനിർത്തിയാൽ മറ്റു പല മുൻനിര ടീമുകളും ഇന്നലെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.

സ്പാനിഷ് ലാലീഗയിൽ അത്ലറ്റികോ മാഡ്രിഡിനോട് ബാഴ്സലോണ 2-0 സ്കോറിന്റെ തോൽവി ഏറ്റുവാങ്ങിയപ്പോൾ റയൽ മാഡ്രിഡ് എസ്പാനിയോളിനോട് 2-1ന്റെ തോൽവിയും നേരിട്ടു. തോമസ് ലേമാറും, ബാഴ്സ മുൻ താരം ലൂയിസ് സുവാരസുമാണ് അത്ലറ്റികോയ്ക്ക് വേണ്ടി ബാഴ്സയ്ക്കെതിരെ ഗോൾ നേടിയത്. എസ്പാനിയോളിന്റെ രണ്ട് ഗോളുകൾക്കെതിരെ റയലിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത് കരിം ബെൻസിമയാണ്.

ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയെ റെന്നെസും അട്ടിമറിച്ചു. മെസ്സി-എംബപ്പെ-നെയ്മർ ത്രയം മുന്നേറ്റ നിരയിൽ അണിനിരന്നിട്ടും പി.എസ്.ജിക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് കണ്ടെത്താൻ കൂടെ കഴിഞ്ഞില്ല. റെന്നെസിനോട് ഏകപക്ഷീയമായ രണ്ട് ഗോളിന്റെ തോൽവിയാണ് ഫ്രഞ്ച് വമ്പന്മാർ ഏറ്റുവാങ്ങിയത്.

അടുത്ത അട്ടിമറി വിജയം നടന്നത് ജർമ്മൻ ബുണ്ടസ്‌ലീഗയിലാണ്. ലീഗിലെ ഏറ്റവും ശക്തരായ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രാങ്ക്ഫെർട് കെട്ടുകെട്ടിച്ചു. ലീഗിൽ ബയേണിന്റെ ആദ്യ തോൽവിയും ഫ്രാങ്ക്ഫെർടിന്റെ ആദ്യ വിജയവുമാണിത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply