വിജയ തുടർച്ചയുമായി സിറ്റിയും, ലിവർപൂളും. വിജയ വഴിയിൽ തിരിച്ചെത്തി ചെൽസി | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾക്കെല്ലാം വിജയം. വോൾവ്സിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്തിയത് സിറ്റി ആയിരുന്നെങ്കിലും കാര്യമായ അവസരങ്ങൾ സിറ്റിക്ക് സൃഷ്ടിക്കാനാവാത്തതാണ് മത്സരം ഒരു ഗോളിലേക്ക് ചുരുക്കിയത്. 66-ാം മിനുട്ടിൽ റഹീം സ്റ്റെർലിഗാണ് സിറ്റിക്കായി പെനാൽറ്റി ഗോൾ കണ്ടെത്തിയത്.

ആസ്റ്റൺ വില്ലയോട് ഏറ്റുമുട്ടിയ ലിവർപൂളും, നോർവിച്ചിനോട് എതിരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റി മത്സരത്തോട് സമാനമായ വിജയമാണ് ഇന്നലെ നേടിയത്. ഈ മത്സരങ്ങളിലും 1-0 എന്ന സ്കോറിനാണ് ലിവർപൂളും, യുണൈറ്റഡും വിജയിച്ചത്. കൂടാതെ ഈ മത്സരങ്ങളിലും രണ്ടാം പകുതിയിൽ ഓരോ പെനാൽറ്റി ഗോളുകൾ മാത്രമാണ് പിറന്നത്. ലിവർപൂളിനായി സലായും, യുണൈറ്റഡിനായി റൊണാൾഡോയുമാണ് പെനാൽറ്റികൾ സ്കോർ ചെയ്തത്.

എന്നാൽ തീർത്തും ആവേശകരമായ മത്സരമാണ് ചെൽസിയും ലീഡ്സ് യുണൈറ്റഡും തമ്മിൽ നടന്നത്. മത്സരത്തിന്റെ 28-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ റാഫിഞ്ഞ ലീഡ്‌സിനെ മുന്നിലെത്തിച്ചെങ്കിലും, 42-ാം മിനുട്ടിൽ മസോൺ മൗണ്ടിലൂടെ ചെൽസി തിരിച്ചടിച്ചു. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി ജോർജിഞൊയും സ്കോർ ചെയ്തതോടെ ചെൽസി മത്സരത്തിൽ ലീഡ് കൈവരിച്ചു. പക്ഷെ 83-ാം മിനുട്ടിൽ ഗെൽഹാർഡിറ്റിലൂടെ ലീഡ്സ് വീണ്ടും തിരിച്ചടിച്ചു. ഇതോടെ മത്സരം 2-2 സമനിലയിൽ കലാശിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ചെൽസിക്ക് ലഭിച്ച പെനാൽറ്റി ജോർജിഞൊ വീണ്ടും ഗോളാക്കിയതോടെ 3-2 എന്ന സ്‌കോറിൽ ചെൽസി ആവേശകരമായ വിജയം നേടുകയായിരുന്നു.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ആർസനൽ സൗത്താംപ്റ്റനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്തപ്പോൾ, വാറ്റ്ഫോഡിനെ 2-1 എന്ന സ്കോറിന് ബ്രെന്റ്ഫോഡും പരാജയപ്പെടുത്തി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply