ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനൊന്നാം ആഴ്ച്ചയിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിന് വിജയം. വെസ്റ്റ്ഹാം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാം തകർത്തത്. ഇതോടെ പോയിന്റ് പട്ടികയിൽ ലിവർപൂളിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി വെസ്റ്റ്ഹാം മൂന്നാം സ്ഥാനം സ്വന്തമാക്കി. ഈ സീസണിൽ ലിവർപൂളിന്റെ ആദ്യ പരാജയമാണിത്.
മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ വെസ്റ്റ്ഹാം ലീഡ് സ്വന്തമാക്കിയിരുന്നു. ലിവർപൂൾ ഗോൾ കീപ്പർ അലിസൺ വരുത്തിയ ഔൻ ഗോളിലായിരുന്നു വെസ്റ്റ്ഹാം ലീഡ് എടുത്തത്. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ലഭിച്ച ഫ്രീകിക്ക് അർണോൾഡ് ഗോളാക്കിയതോടെ ലിവർപൂൾ ഒപ്പമെത്തി.
പക്ഷെ രണ്ടാം പകുതിയിൽ വീണ്ടും ലിവർപൂൾ മത്സരം കൈവിട്ടു കളയുന്ന കാഴ്ച്ചയാണ് കണ്ടത്. വിജയ ഗോളിനായി ലിവർപൂൾ ആക്രമിച്ചുകളിച്ചെങ്കിലും 67ആം മിനുട്ടിൽ ഫോർനൽസും, 74ആം മിനുട്ടിൽ സൗമയും ഗോൾ നേടിയതോടെ വെസ്റ്റ് ഹാം മത്സരത്തിൽ രണ്ട് ഗോളിന്റെ ലീഡ് എടുത്തു. തുടർന്ന് ഒറിഗിയിലൂടെ ലിവർപൂൾ ഒരു ഗോൾ മടക്കിയെങ്കിലും ആവേശകരമായ മത്സരത്തിൽ വെസ്റ്റ്ഹാം വിജയിക്കുകയായിരുന്നു.
ഇന്നു നടന്ന മറ്റു മത്സരങ്ങളിൽ ആർസനൽ വാറ്റ്ഫോഡിനെ 1-0 സ്കോറിന് പരാജയപെടുത്തി. ലീഡ്സ്-ലെസ്റ്റർ മത്സരം 1-1 സമനിലയിലും, എവർട്ടൻ-ടോട്ടൻഹാം മത്സരം 0-0 സമനിലയിലും കലാശിച്ചു.
11 ആഴ്ച്ചകൾ പൂർത്തിയാകുമ്പോൾ 26 പോയിന്റുമായി ചെൽസി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 23 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയും, വെസ്റ്റ്ഹാമുമാണ് രണ്ടും, മൂന്നും സ്ഥാനങ്ങളിൽ. 22 പോയിന്റുമായി ലിവർപൂൾ നാലാം സ്ഥാനത്തുണ്ട്.
✍? എസ്.കെ.
Leave a reply