ഗതി കിട്ടാതെ യുണൈറ്റഡ്; ചെൽസിക്കും ലിവർപൂളിനും വിജയം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും പരാജയം. താരതമ്യേന കരുത്തരല്ലാത്ത വാറ്റ്ഫോഡിനോട് ഒന്നിനെതിരെ നാല് ഗോളിന്റെ ദയനീയ പരാജയമാണ് യുണൈറ്റഡ് ഏറ്റു വാങ്ങിയത്. മാഞ്ചസ്റ്റർ ഡെർബി തോറ്റതിന്റെ ആഘാതത്തിൽ നിന്നും കരകയറും മുൻപാണ് വീണ്ടും ഈ ഞെട്ടിക്കുന്ന തോൽവി. മത്സരത്തിൽ വാറ്റ്ഫോഡിന് ആദ്യം ലഭിച്ച പെനാൽറ്റി യുണൈറ്റഡ് കീപ്പർ സേവ് ചെയ്‌തെങ്കിലും, പിന്നീട് മത്സരം പൂർണ്ണമായും യുണൈറ്റഡ് കൈവിടുന്ന കാഴ്ച്ചയാണ് കണ്ടത്.

തുടർന്ന് ആദ്യ പകുതിയിൽ തന്നെ വാറ്റ്ഫോഡ് രണ്ട് ഗോളിന്റെ ലീഡ് കണ്ടെത്തി. രണ്ടാം പകുതിയിൽ ഒരു ഗോൾ യുണൈറ്റഡ് മടക്കി അടിച്ചെങ്കിലും പിന്നീട് ക്യാപ്റ്റൻ മഗ്വയർ ചുവപ്പ് കാർഡ് മേടിച്ചു കളം വിട്ടതോടെ യുണൈറ്റഡ് പത്തുപേരായി ചുരുങ്ങി. ഇതോടെ തിരിച്ചുവരാനുള്ള യുണൈറ്റഡിന്റെ സകല സാധ്യതകളും അവസാനിച്ചെന്ന് തോന്നിപ്പിച്ചു. അതിനെ ശരിവെക്കും വിധം ഇഞ്ചുറി സമയത്ത് രണ്ട് ഗോളുകളാണ് യുണൈറ്റഡ് ഗോൾ വലയിലേക്ക് വാറ്റ്ഫോഡ് അടിച്ചുകയറ്റിയത്. കഴിഞ്ഞ 5 മത്സരങ്ങളിൽ യുണൈറ്റഡ് തോൽക്കുന്ന നാലാമത്തെ മത്സരമാണിത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള യുണൈറ്റഡിന്റെ സൂപ്പർ താരങ്ങളെയെല്ലാം കാഴ്ച്ചക്കാരാക്കിമാറ്റിക്കൊണ്ടാണ് വാറ്റ്ഫോഡ് ഈ മിന്നും വിജയം സ്വന്തമാക്കിയത്.

മറ്റൊരു മത്സരത്തിൽ ആർസനലിനെ ലിവർപൂൾ എതിരില്ലാത്ത 4 ഗോളുകൾക്കാണ് തകർത്തത്. ആവേശകരമായ മത്സരത്തിൽ ലിവർപൂളിനായി മാനെ,സലാഹ്,ജോട്ട,തകുമി എന്നിവരാണ് ഗോൾ കണ്ടെത്തിയത്.

ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെൽസിയും പരാജയപ്പെടുത്തി. ഇതോടെ പന്ത്രണ്ടാം ആഴ്ച്ചയിലും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ആർക്കും വിട്ടുകൊടുക്കാതെ ചെൽസി കാത്തുസൂക്ഷിച്ചു. റൂഡിഗെർ, കാന്റെ, പുലിസിച്ച് എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.

കൂടാതെ ആസ്റ്റൺ വില്ലയുടെ മുഖ്യ പരിശീലകനായികൊണ്ട് ഏറെ വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് വിജയത്തോടെ തുടങ്ങി. ബ്രൈറ്റനെ 2-0 സ്കോറിനാണ് ആസ്റ്റൺ വില്ല പരാജയപ്പെടുത്തിയത്.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ വോൾവ്സ്-വെസ്റ്റ് ഹാമിനെ 1-0 സ്കോറിനും, നോർവിച്ച് സിറ്റി-സൗത്താംപ്റ്റനെ 2-1 സ്കോറിനും പരാജയപ്പെടുത്തി. ബേൺലി-ക്രിസ്റ്റൽ പാലസ് മത്സരവും, ന്യൂകാസിൽ-ബ്രെന്റ്ഫോഡ് മത്സരവും 3-3 സമനിലയിൽ കലാശിച്ചു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply