മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം: പോയിന്റ് പട്ടികയിൽ രണ്ടാമത് | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. സിറ്റി ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എവെർട്ടനെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും സിറ്റി ആധിപത്യം പുലർത്തി. തുടക്കം മുതൽ ആക്രമിച്ചുകളിച്ച സിറ്റി നിരവധി ഗോൾ അവസരങ്ങളാണ് സൃഷ്ടിച്ചത്.

44-ാം മിനുട്ടിൽ റഹീം സ്റ്റെർലിങ്ങാണ് സിറ്റിയുടെ ആദ്യ ഗോൾ കണ്ടെത്തിയത്. ജാവോ കാൻസലോ ബോക്സിലേക്ക് ഉയർത്തി നൽകിയ അതിസുന്ദരമായ പന്ത് ബോക്സിന്റെ വലതുമൂലയിലേക്ക് റഹീം സ്റ്റെർലിങ് അടിച്ചു കയറ്റുകയായിരുന്നു. ഇതോടെ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ സിറ്റി ഒരു ഗോളിന്റെ ലീഡ് കണ്ടെത്തി. തുടർന്ന് രണ്ടാം പകുതിയിലും സിറ്റി ആക്രമണത്തിൽ എവെർട്ടൻ പ്രതിരോധം ആടിയുലഞ്ഞു. 55-ാം മിനുട്ടിൽ ബോക്സിന് പുറത്തുനിന്നും റോഡ്രി തൊടുത്ത ലോങ്ങ് റേഞ്ചർ എവെർട്ടൻ വലയിലെത്തിയപ്പോൾ ഈ സീസണിലെ തന്നെ മികച്ച ഗോളുകളിലൊന്നായി അത് മാറി. 80-ാം മിനുട്ടിൽ എവെർട്ടൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു വന്ന പന്ത് ബെർണാഡോ സിൽവയും ഗോളാക്കിയതോടെ സിറ്റി വിജയം ഉറപ്പിക്കുകയായിരുന്നു.

ഇന്നു നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ലീഡ്സിനെ 2-1 സ്കോറിനും പരാജയപ്പെടുത്തി.

ഇതോടെ 12 ആഴ്ച്ചകൾ പിന്നിടുമ്പോൾ 29 പോയിന്റുമായി ചെൽസിയാണ് ഒന്നാം സ്ഥാനത്ത്. 26 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയും, 25 പോയിന്റുമായി ലിവർപൂളും, 23 പോയിന്റുമായി വെസ്റ്റ്ഹാമുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.


✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply