ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു നടന്ന സൂപ്പർ പോരാട്ടത്തിൽ നാണംകെട്ട തോൽവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ചിരവൈരികളായ ലിവർപൂളുമായി നടന്ന മത്സരത്തിലാണ് ഏകപക്ഷീയമായ അഞ്ച് ഗോളിന്റെ തോൽവി യുണൈറ്റഡ് ഏറ്റു വാങ്ങിയത്. യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫൊർഡിൽ നടന്ന മത്സരത്തിൽ സ്വന്തം ആരാധകർക്ക് മുന്നിലാണ് യുണൈറ്റഡിന്റെ ദയനീയ പരാജയം.
മത്സരത്തിന്റെ തുടക്കം മുതൽ ലിവർപൂൾ ആധിപത്യം പുലർത്തി. ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകളാണ് യുണൈറ്റഡ് വലയിലേക്ക് ലിവർപൂൾ അടിച്ചു കയറ്റിയത്. അത്യന്തം ആവേശകരമായ മത്സരം ചിലപ്പോഴൊക്കെ പരുക്കൻ ഫൗളുകൾക്കും വഴിവെച്ചു. അറുപതാം മിനുറ്റിൽ കെയ്‌റ്റയെ ഫൗൾ ചെയ്തതിന് പോൾ പോഗ്ബ ചുവപ്പ് കാർഡ് കൂടെ മേടിച്ചതോടെ ബാക്കി സമയം യുണൈറ്റഡ് പത്തുപേരെ വച്ചു പൂർത്തിയാക്കേണ്ടി വന്നു.
സലായുടെ ഹാട്രിക്ക് മികവിലാണ് ലിവർപൂൾ അഞ്ചു ഗോളുകൾ നേടിയത്. കെയ്റ്റയും, ജോട്ടയുമാണ് ലിവർപൂളിന്റെ മറ്റു സ്കോറർമാർ. വിജയത്തോടെ 21 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തിരിച്ചെത്തി. 22 പോയിന്റുമായി ചെൽസിയാണ് ഒന്നാം സ്ഥാനത്ത്.
ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം ടോട്ടൻഹാമിനെ 1-0 സ്കോറിനും, ലെസ്റ്റർ സിറ്റി ബ്രെന്റ്ഫോഡിനെ 2-1 സ്കോറിനും പരാജയപ്പെടുത്തി.
✍? എസ്.കെ.
Leave a reply