ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കടുക്കുന്നു. പതിമൂന്നാം ആഴ്ച്ചയിലെ മത്സരത്തിൽ വെസ്റ്റ്ഹാമിനോട് മാഞ്ചസ്റ്റർ സിറ്റി വിജയിക്കുകയൂം, മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് ചെൽസി സമനില വഴങ്ങുകയും ചെയ്തതോടെ ആദ്യ രണ്ട് സ്ഥാനത്തുള്ള ചെൽസിയും(30), സിറ്റിയും(29) തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒന്ന് മാത്രമായി ചുരുങ്ങി. മൂന്നാം സ്ഥാനമുള്ള ലിവർപൂളിനും(28) രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി ഒരു പോയിന്റിന്റെ കുറവ് മാത്രമേ ഉള്ളൂ.
മാഞ്ചസ്റ്റർ സിറ്റി ഹോം സ്റ്റേഡിയത്തിൽ നടന്ന സിറ്റി- വെസ്റ്റ്ഹാം പോരാട്ടത്തിൽ പൂർണ്ണ സമയത്തും സിറ്റി ആധിപത്യമാണ് കണ്ടത്. 2-1 സ്കോറിനാണ് സിറ്റി വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയത്. സിറ്റിക്കായി ഗുൻഡോഗാനും, ഫെർണാണ്ടിഞ്ഞോയുമാണ് ഗോളുകൾ കണ്ടെത്തിയത്. ലാൻസിനിയാണ് വെസ്റ്റ്ഹാമിന്റെ ആശ്വാസ ഗോൾ നേടിയത്.
എന്നാൽ കോച്ച് ഒലെയെ പുറത്താക്കിയ ശേഷമുള്ള ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിന്നും ഫോമിൽ തുടരുന്ന ചെൽസിയോട് സമനില നേടി. മത്സരത്തിൽ ചെൽസി ആക്രമിച്ചു കളിച്ചെങ്കിലും ആദ്യം ലീഡ് നേടിയത് യൂണൈറ്റഡാണ്. ചെൽസി മിഡ്‌ഫീൽഡർ ജോർജിഞ്ഞോയുടെ പിഴവ് മുതലെടുത്ത സാഞ്ചോ യൂണൈറ്റഡിനായി ലീഡ് കണ്ടെത്തി. എന്നാൽ തുടർന്ന് ലഭിച്ച പെനാൽറ്റി ജോർജിഞ്ഞോ തന്നെ ഗോളാക്കിയതോടെ ചെൽസി ഒപ്പമെത്തുകയായിരുന്നു.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി വാറ്റ്ഫോഡിനെ 4-2 സ്കോറിനും. ബ്രെന്റ്ഫോഡ് എവർട്ടനെ 1-0 സ്കോറിനും പരാജയപ്പടുത്തി.
✍? എസ്.കെ.
Leave a reply