ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടാം ആഴ്ച്ചയിലെ ആദ്യ മത്സരത്തിൽ ലിവർപൂളിന് തകർപ്പൻ ജയം. വാറ്റ്ഫോഡിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. മത്സരത്തിന്റെ തുടക്കം മുതൽ ലിവർപൂൾ പൂർണ്ണാധിപത്യം പുലർത്തി. ആദ്യ പകുതിയിൽ രണ്ടും, രണ്ടാം പകുതിയിൽ മൂന്നും ഗോളുകളാണ് ലിവർപൂൾ നേടിയത്. ഫിർമിഞോയുടെ ഹാട്രിക്ക് ഗോളുകളുടെ മികവിലായിരുന്നു ലിവർപൂളിന്റെ വിജയം. സാദിയോ മാനെയും, സലായുമാണ് മറ്റു സ്‌കോറർമാർ.
എന്നാൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം. ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ യുണൈറ്റഡ് പ്രതിരോധം പലപ്പോഴും കളി മറന്നു. മത്സരത്തിൽ ഗ്രീൻവുഡിലൂടെ ആദ്യം ലീഡ് കണ്ടെത്തിയത് യുണൈറ്റഡ് ആയിരുന്നെങ്കിലും ലെസ്റ്റർ ടൈലെമാന്സിലൂടെ സമനില പിടിച്ചു. പിന്നീട് രണ്ടാം പകുതിയിൽ സോയൂൻക്യൂവിലൂടെ ലെസ്റ്റർ ലീഡ് കണ്ടെത്തിയപ്പോൾ റാഷ്‌ഫോഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. പക്ഷെ തുടർന്ന് ലെസ്റ്ററിനുവേണ്ടി വാർഡിയും, ദാകയും രണ്ട് ഗോളുകൾ കൂടെ നേടിയതോടെ യുണൈറ്റഡ് 4-2ന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ഇന്നു നടന്ന മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ബേൺലിയെ 2-0 സ്കോറിന് പരാജയപ്പെടുത്തി. ബെർണാഡോ സിൽവയും, കെവിൻ ഡിബ്രൂയ്‌നെയുമാണ് സ്കോറർമാർ. സൗത്താംപ്റ്റൻ ലീഡ്സ് യുണൈറ്റഡിനെ 1-0 സ്കോറിന് പരാജയപെടുത്തിയപ്പോൾ, വോൾവ്സ് ആസ്റ്റൺ വില്ലയെ 3-2 സ്കോറിനും പരാജയപ്പെടുത്തി. നോർവിച്ച് – ബ്രൈറ്റൻ മത്സരം ഗോൾ രഹിത സമനിലയിലും കലാശിച്ചു.
✍? എസ്.കെ.
Leave a reply