വരാനേക്ക് പിന്നാലെ യുണൈറ്റഡ് ; ഗ്രീലീഷിനെയും ഹാരി കെയ്‌നെയും നോട്ടമിട്ട് സിറ്റി.

 

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാന മാസത്തിലേക്ക് കടക്കാനിരിക്കെ പ്രമുഖ ടീമുകളെല്ലാം തങ്ങളുടെ ശക്തി വർധിപ്പിക്കാനുള്ള ശ്രമത്തിൽ സജീവമാണ്. ഡോർട്മുണ്ടിൽ നിന്നും ഇംഗ്ലീഷ് താരം ജാഡൻ സാഞ്ചോയെ ടീമിലെത്തിച്ച ശേഷം യുണൈറ്റഡ് നിലവിൽ ലക്ഷ്യമിടുന്നത് റയൽ മാഡ്രിഡ് താരമായ റാഫേൽ വരാനെയെന്ന് സൂചനകൾ. തന്റെ നീണ്ട പത്തുവർഷ റയൽ മാഡ്രിഡ് കരിയർ അവസാനിപ്പിച്ച് താരം യുണൈറ്റഡിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നതായാണ് സൂചനകൾ. എന്നാൽ കോച്ച് ഒലെ പത്ര സമ്മേളനത്തിൽ വരാനെയെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല. താരത്തെ ടീമിലെത്തിക്കാൻ ചെൽസിയും ശ്രമം നടത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ യുണൈറ്റഡിലേക്ക് താരം എത്താനാണ് സാധ്യതകൾ.

എന്നാൽ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ അറ്റാക്കിങ്ങിനു മൂർച്ച വർധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. കഴിഞ്ഞ സീസണിലും, യൂറോ കപ്പിലും മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്‌നും, മിഡ് ഫീൽഡർ ജാക്ക് ഗ്രീലീഷും സിറ്റിയിലെത്തുമെന്ന് ഏറെ നാളായി സൂചനകൾ ഉണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എന്നാൽ സിറ്റിയിലേക്ക് കൂടുമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി കെയ്ൻ ടോട്ടൻഹാം ട്രെയ്നിങ് ക്യാമ്പ് നിരസിക്കുമെന്ന അഭ്യൂഹം സജീവമാണ്.

ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്‌സനെ ടീമിലെത്തിക്കാൻ പി.എസ്.ജിയും, അത്ലറ്റികോ മാഡ്രിഡും ശ്രമം നടത്തുന്നു എന്നതാണ് ആൻഫീൽഡിൽ നിന്നുമുള്ള വാർത്ത. 2023വരെ കരാർ ഉണ്ടെങ്കിലും താരത്തെ മറ്റു ടീമുകൾക്ക് നൽകാനുള്ള സാധ്യത കൂടുതലാണ്. ഹാളണ്ടിനും, ഡെക്ലാൻ റൈസിനും വേണ്ടിയുള്ള ചെൽസിയുടെ ശ്രമം എങ്ങുമെത്താതെ തുടരുന്നതിനാൽ റോബർട്ട് ലെവൻഡോസ്‌കി ഉൾപ്പെടെ മറ്റു താരങ്ങളുടെ പേരുകളും ചെൽസി ക്യാമ്പിൽ നിന്നും ഉയർന്നു കേൾക്കുന്നുണ്ട്.

– എസ്.കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply