യുണൈറ്റഡിന് സമനില കുരുക്ക്; ചെൽസിക്ക് രണ്ടാം വിജയം | EPL വിശേഷങ്ങൾ

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സൗത്താംപ്റ്റനെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിന് സമനില കുരുക്ക്. കഴിഞ്ഞ മത്സരത്തിൽ ലീഡ്‌സിനെതിരെ തകർപ്പൻ വിജയം നേടി രണ്ടാം മത്സരത്തിനിറങ്ങിയ യുണൈറ്റഡിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. മത്സരത്തിന്റെ മുപ്പതാം മിനുറ്റിൽ ആദംസിന്റെ ഷോട്ട് തടയാൻ ശ്രമിക്കവെ ഫ്രെഡിന്റെ കാലിൽ തട്ടിയ പന്ത് യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡിഗിയക്ക് ഒരു അവസരവും നൽകാതെ ഗോൾ പോസ്റ്റിലേക്ക് കേറിയത്തോടെ ഫ്രെഡിന്റെ ഔൻ ഗോളിൽ സൗത്താംപ്റ്റൻ ലീഡ് നേടി. തുടർന്ന് സമനില ഗോളിനായി നിരന്തരം അക്രമിച്ച യുണൈറ്റഡിന്റെ ഗോൾ ശ്രമം അൻപത്തിയഞ്ചാം മിനുറ്റിൽ ഗ്രീൻവുഡിലൂടെ ലക്ഷ്യം കണ്ടു. എന്നാൽ ബാക്കിയുള്ള സമയത്ത് ഇരു ടീമുകളും അക്രമിച്ചുകളിച്ചെങ്കിലും ഗോൾ കണ്ടെത്താനാവാതെ വന്നതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.

ഏറെ വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ലുക്കാക്കു ആദ്യ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്തിയതോടെ ആഴ്സനലിനെതിരെ ചെൽസി ആദ്യ പകുതിയിൽ തന്നെ ലീഡ് എടുത്തു. തുടർന്ന് മുപ്പത്തിയഞ്ചാം മിനുറ്റിൽ റീസ് ജെയിംസ് കൂടെ ലക്ഷ്യം കണ്ടതോടെ ലീഡ് രണ്ട് ഗോളിലേക്ക് ഉയർന്നു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ചെൽസി ഇതോടെ രണ്ട് ഗോളിന്റെ വിജയം സ്വന്തമാക്കി. ചെൽസിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആഴ്‌സണൽ ആദ്യ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെതിരെയും 2-0 സ്കോറിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ വോൽവ്‌സിനെതിരെ ടോട്ടൻഹാം ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോൾ ആക്കിമാറ്റിയ ഡെലെ അലിയാണ് സ്‌കോറർ. ടോട്ടൻഹാമിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ മാഞ്ചെസ്റ്റർ സിറ്റിക്കെതിരെയും ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടൻഹാം വിജയിച്ചത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply