ആർസെനൽ തവിടുപൊടി; എത്തിഹാദിൽ വീണ്ടും ഗോൾ മഴ | EPL വിശേഷങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർ‌സെനലിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് വിട്ട് മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസെനലിനുമേൽ സമ്പൂർണ അധിപത്യമായിരുന്നു സിറ്റി നേടിയത്. മത്സരം ആരംഭിച്ച് 12 മിനുറ്റുകൾക്കകം 2 ഗോളിന്റെ ലീഡ് സിറ്റി സ്വന്തമാക്കിയിരുന്നു. മുപ്പത്തിയഞ്ചാം മിനുറ്റിൽ ഫെറാൻ ടോറസിനെ ഫൗൾ ചെയ്തതിന് ആർസെനൽ താരം സാക്ക റെഡ് കാർഡ് കൂടെ മേടിച്ചതോടെ ബാക്കി സമയം മുഴുവൻ പത്തുപേരായി ചുരുങ്ങിയ ആർസെനലിനെതിരെ സിറ്റിക്ക് കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമായി. ആദ്യപകുതിയിൽ മൂന്ന് ഗോളുകളും, രണ്ടാം പകുതിയിൽ രണ്ട് ഗോളുകളുമായി അഞ്ച് ഗോളുകൾക്കാണ് സിറ്റി ആധികാരിക വിജയം സ്വന്തമാക്കിയത്. ഫെറാൻ ടോറസ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടി. ഗുൻഡോഗൻ, റോഡ്രി, ഗബ്രിയേൽ ജീസസ് എന്നിവരാണ് മറ്റു സ്കോറർമാർ. പ്രീമിയർ ലീഗിൽ ആർസെനലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. മൂന്ന് മത്സരങ്ങളിലും ആർസെനലിന് ഒരു ഗോൾ പോലും കണ്ടെത്താനായില്ല.

ഇന്നലെ നടന്ന മറ്റൊരു പ്രധാന മത്സരമായ ലിവർപൂൾ-ചെൽസി പോരാട്ടം സമനിലയിൽ കലാശിച്ചു. ആവേശകരമായ മത്സരത്തിൽ റീസ് ജയിംസിന്റെ കോർണർ കിക്കിൽ നിന്നും കായ് ഹാർവെട്സ് ചെൽസിയെ മുന്നിലെത്തിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കും മുൻപ് ലഭിച്ച പെനാൽറ്റി സലാഹ് ലിവർപൂളിനായി ഗോളാക്കി മാറ്റിയതോടെ മത്സരം സമനിലയിൽ ആവുകയായിരുന്നു. പെനാൽറ്റി ബോക്സിൽ ഹാൻഡ് ബോൾ വഴങ്ങിയതിന്റെ പേരിലാണ് ചെൽസിക്ക് എതിരെ റഫറി പെനാൽറ്റി വിധിച്ചത്. ഹാൻഡ് ബോളിന്റെ പേരിൽ റീസ് ജെയിംസിന് റെഡ് കാർഡും ലഭിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ പത്തുപേരുമായു കളത്തിലിറങ്ങിയ ചെൽസിക്കെതിരെ ലിവർപൂൾ ആക്രമിച്ചു കയറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി നോർവിച്ച് സിറ്റിയെ 2-1നും, എവർട്ടൻ ബ്രൈറ്റനെ 2-0 സ്കോറിനും പരാജയപ്പെടുത്തി. ന്യൂകാസിൽ-സൗത്താംപ്ടൺ മത്സരവും, വെസ്റ്റ്ഹാം-ക്രിസ്റ്റൽ പാലസ് മത്സരവും 2-2 സമനിലയിൽ പിരിഞ്ഞപ്പോൾ, ആസ്റ്റൺ വില്ല-ബ്രെന്റ്ഫോഡ് മത്സരം 1-1 സമനിലയിലായി.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply