മെസ്സിക്കും റൊണാൾഡോക്കും ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരവും തേടി ലോക ഫുട്ബോൾ ആരാധകർ അലയാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. ആ യാത്രയിൽ പല പേരുകൾ അവർക്ക് മുന്നിൽ ഉയർന്നുകേട്ടു.അതിൽ തന്നെ പലർക്കും പ്രതീക്ഷകൾക്കൊത്തുയരാൻ കഴിയാതെ മടങ്ങേണ്ടി വന്നു. പക്ഷെ ഇന്നും പല യുവ താരങ്ങളുടെയും പേരുകൾ ആ ഇതിഹാസങ്ങൾക്കൊപ്പം ചേർത്തുവെക്കാൻ ഫുട്ബോൾ ലോകം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിലിന്ന് ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്ന പേരുകളിലൊന്ന് ജർമനിയിലെ ബൊറൂഷ്യയിൽ നിന്നാണ്. ബൊറൂഷ്യ ഡോർട്ട്മുണ്ടിന്റെ മഞ്ഞ ജേഴ്സയിൽ ഗോളടിച്ചും അടിപ്പിച്ചും ആരാധകരുടെ മനം കവർന്ന, “The Big Earl” എന്ന് അവർ പേരിട്ട് വിളിക്കുന്ന The Child Man – എർലിംഗ് ഹലാൻഡ്.!
2000 ജൂലൈ 21ന് ഇംഗ്ലണ്ടിലെ ലീഡ്‌സിലാണ് ഹലാൻഡ് ജനിക്കുന്നത്.അച്ഛൻ ഹാൽഫിഞ്ച് ആ സമയത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചിരുന്നു.2003ൽ കുടുംബ പ്രശ്നങ്ങൾ കാരണം ഹാലൻഡിന്റെ കുടുംബത്തിന് നോർവേയിലെ ബ്രെയൻ എന്ന ഒരു ഗ്രാമത്തിലേക്ക് താമസം മാറേണ്ടി വന്നു. പിന്നീടുള്ള ഹാലൻഡിന്റെ കുട്ടിക്കാലം ഇവിടെയായിരുന്നു.
ചെറുപ്പത്തിൽ തന്നെ ഫുട്ബോളിനോടൊപ്പം ഹാൻഡ്ബോളിലും അത്ലറ്റിക്‌സിലും ഹാലൻഡിന് വലിയ താല്പര്യമായിരുന്നു. അച്ഛനും അമ്മയും അത്ലെറ്റ്സ് ആയത് കൊണ്ടുതന്നെ ഹാലൻഡിന് നല്ല ഉപദേശങ്ങളും പിന്തുണയും ആ കുടുംബത്തിൽ നിന്ന് ലഭിച്ചു.മാഞ്ചസ്റ്റർ സിറ്റിക്ക് പുറമെ ലീഡ്സ് യുണൈറ്റഡിനും നോട്ടിംങ്ഹാം ഫോറെസ്റ്റിനും വേണ്ടിയും ഹാലൻഡിന്റെ അച്ഛൻ കളിച്ചിരുന്നു.
തന്റെ ആറാം വയസ്സിൽ അച്ഛൻ ഫുട്ബോൾ കരിയറിന് തുടക്കമിട്ട ബ്രയൻ എഫ് കെ എന്ന അക്കാദമിയിലൂടെയാണ് ഹാലൻഡ് ഫുട്ബോളിലേക്ക് കാലെടുത്തുവെക്കുന്നത്.
ആ ആറ് വയസ്സുകാരൻ അന്ന് മുതൽ ഫുട്ബോളിനെ സീരിയസ് ആയി കാണാൻ ആരംഭിച്ചു.
3 കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്യാൻ ഹാലൻഡിന് സാധിച്ചിരുന്നു.
1)കൂടുതൽ ചിരിക്കുക
2)കൂടുതൽ സമയം വ്യായാമം ചെയ്യുക
3)കൂടുതൽ ഗോളുകൾ നേടുക
എന്നിവയായിരുന്നു അത്.
അപാരമായ ഷൂട്ടിംഗ് പാടവവും ഗോളടി മികവും ഹാലാൻഡിനെ നോർവെയിൽ അറിയപ്പെടുന്നവനാക്കി.അതോടൊപ്പം തന്നെ നോർവേയുടെ നാഷണൽ യൂത്ത് ടീമിലേക്ക് ഹലാൻഡിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
മൈതാനത്തെ അവന്റെ നീക്കങ്ങളും കളിയെ മനസ്സിലാക്കാനുള്ള കഴിവും അപാരമായിരുന്നു.
അത് കൊണ്ട് തന്നെ എഫ് സി ബ്രെയനിൽ ഗോളടിച്ചുകൂട്ടാൻ അവന് ബുദ്ധിമുട്ടുണ്ടായില്ല.
14മത്സരങ്ങളിൽ നിന്ന് 18ഗോളുകൾ നേടിയ പയ്യനെ തേടി രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള വലിയ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നു.
1899ൽ ജർമൻ ക്ലബ് ഹോഫൻഹേയ്മിൽ ഹാലൻഡിന് ട്രയലിനുള്ള അവസരം ലഭിച്ചെങ്കിലും അവന്റെ രക്ഷിതാക്കൾ അത് നിരസിക്കുകയാണുണ്ടായത്.അതിന് ശേഷം ഒലെ ഗണ്ണർ സോൾഷർ പരിശീലിപ്പിച്ചിരുന്ന മോൾഡ് എഫ് കെ എന്ന ക്ലബ്ബിലേക്കാണ് ഹാലൻഡ് കൂടുമാറിയത്.
മോൽഡിൽ വെച്ച് വളർച്ച പ്രശ്നങ്ങൾ ഹാലന്റിനെ വേട്ടയാടി. അതിനെയെല്ലാം അതിജീവിച്ച ആ പയ്യൻ തന്റെ രണ്ടാമത്തെ സീസണിൽ 21മിനുറ്റിനകം 4ഗോൾ നേടിയാണ് സീസണിന് തുടക്കമിട്ടത്.ആ സീസണിലെ ടോപ്സ്കോറർ അവാർഡും ഹാലൻഡിന്റെ കയ്യിൽ ഭദ്രമായിരുന്നു.
ഇതിനോടകം അത്ഭുത ബാലനെ കുറിച് ലോകം മുഴുവൻ അറിയാൻ തുടങ്ങിയിരുന്നു.യൂറോപ്പിലെ വലിയ ക്ലബ്ബുകൾ അവന് വേണ്ടി ഓഫറുകൾ നൽകാൻ തുടങ്ങി. ആദ്യമായി ഒരു ഇംഗ്ലീഷ് ക്ലബ്ബിൽ നിന്നും ഓഫർ ലഭിക്കുന്നത് ബിയൽസയുടെ ലീഡ്‌സ് യുണൈറ്റഡിൽ നിന്നായിരുന്നു. ഹാലൻഡിന്റെ അച്ഛൻ കളിച്ച ക്ലബ് കൂടിയായിരുന്നു അത്.
വലിയ ക്ലബ്ബുകളുടെ ഓഫർ നിരസിച്ചു കൊണ്ട് ഹാലൻഡ് തിരഞ്ഞെടുത്തത് റെഡ്ബുൾ സാൽസ്ബർഗ് ആയിരുന്നു.ഹാട്രിക് നേടിയായിരുന്നു അവൻ പുതിയ ക്ലബ്ബിൽ ഗോളടിച്ചു കൂട്ടാൻ ആരംഭിച്ചത്. ആ മികവ് ഹാലന്റിനെ നോർവേയുടെ അണ്ടർ 19,20ടീമുകളിലെത്തിച്ചു.നോർവേയുടെ അണ്ടർ 20ടീം ഏറ്റവും വലിയ വിജയം നേടിയത് ഹോണ്ടുറാസിനെതിരെയായിരുന്നു.12-0 എന്ന സ്കോറിനായിരുന്നു അന്ന് നോർവേ ജയിച്ചത്. അതിൽ 9തവണയും ഗോൾ നേടിയത് ഹാലൻഡ് ആയിരുന്നു!!!
പിന്നീട് അവൻ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി നേടിയ നേട്ടങ്ങൾക്ക് കണക്കില്ലായിരുന്നു.
രണ്ട് ഹാട്രിക്കുകൾ കൂടി നേടി റെക്കോർഡുകളിലേക്കായിരുന്നു അന്നവൻ നടന്നു കയറിയത്.ദിവസങ്ങൾക്കപ്പുറം ചാമ്പ്യൻസ് ലീഗിലും ഹാട്രിക് നേടി ലോകത്തെ അമ്പരപ്പിച്ചു. UCL ചരിത്രത്തിലെ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ഹാലൻഡ് മാറി.അതേ ചാമ്പ്യൻസ് ലീഗിൽ തന്നെ ലിവർപൂളിനെതിരെയും നാപൊളിക്കെതിരെയും ഗോൾ നേടി ഹാലൻഡ് തന്റെ കഴിവിനെ ലോകത്തിന് മുമ്പിൽ തുറന്ന് കാണിച്ചു. ലോകം ഭാവിയിലെ “GOAT” വരുന്നുണ്ടെന്ന് പോലും വിളിച്ചു പറയാൻ തുടങ്ങി.
പല വമ്പൻ ക്ലബ്ബുകളും ഹാലൻഡിന്റെ പിന്നാലെ പോയെങ്കിലും പിന്നീട് അവൻ ചേക്കേറിയത് ജർമൻ വമ്പന്മാരായ ബോറുഷ്യ ഡോർട്ട്മുണ്ടിലേക്കായിരുന്നു.ഹാലൻഡിന്റെ അപാരമായ ഗോളടി മികവിൽ ബുണ്ടസ് ലീഗിലെ പല റെക്കോർഡുകളും തർന്നുപോയി.ലോകത്തിലെ the most wanted superstar എന്ന രൂപത്തിലേക്ക് ഹാലൻഡ് മാറാൻ അധിക കാലം വേണ്ടിവന്നില്ല.
എന്തിനധികം പറയണം, നോർവേയിലെ കുട്ടികൾ പോലും ഹാലന്റിനെ പോലെയാവാൻ കൊതിച്ചു നടക്കുന്നവരാണ്.
മെസ്സിക്കും റൊണാൾഡോക്കും ശേഷം ആ സ്ഥാനത്തിരിക്കാൻ അയാൾക്ക് സാധിക്കുമോയെന്ന് കാത്തിരിക്കുകയാണ് ലോകം.
- ഹാരിസ് മലയിൽ
Leave a reply