സൗദി ഓള്‍ സ്റ്റാര്‍ ഇലവനും പി എസ് ജിയും തമ്മില്‍ നടന്ന സൗഹൃദപ്പോരാട്ടത്തില്‍ ഇരട്ട ഗോളുമായി തിളങ്ങിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരത്തില്‍ സൗദി ഓള്‍ സ്റ്റാര്‍ ഇലവന്‍ നാലിനെതിരെ അഞ്ച് ഗോളിന് തോറ്റെങ്കിലും രണ്ട ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ ആണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിന് പിന്നാലെയാണ് വിരാട് കോലി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ റൊണാള്‍ഡോയെ അഭിനന്ദിച്ച് കുറിപ്പിട്ടത്. 38-ാം വയസിലും അയാള്‍ ഏറ്റവും മികച്ച പ്രകടനം തുടരുന്നു. റൊണാള്‍ഡോയെ എല്ലാ ആഴ്ചയും വിമര്‍ശിച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കാറുള്ള ഫുട്ബോള്‍ പണ്ഡിതന്‍മാര്‍ക്കൊന്നും ഇപ്പോള്‍ മിണ്ടാട്ടമില്ല. കാരണം, ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിനെതിരെ അത്രയും മികച്ച പ്രകടനങ്ങളിലൊന്നാണല്ലോ അദ്ദേഹം പുറത്തെടുത്തത്-കോലി കുറിച്ചു.
പെനല്‍റ്റിയിലൂടെ ആദ്യം ഗോള്‍ നേടിയ റൊണാള്‍ഡോ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ റൊണാള്‍ഡോയെ പിന്‍വലിച്ചതോടെ പി എസ് ജിയും സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസി, എംബാപ്പെ, നെയ്മര്‍ തുടങ്ങിയവരെ പിന്‍വലിച്ചിരുന്നു.
Leave a reply