തോറ്റ് തോറ്റ് മടുത്തു; ബാഴ്‌സ പരിശീലകൻ പുറത്തായി.

സ്പാനിഷ് ലാലിഗയിൽ തുടർതോൽവികളിൽ തുടരുന്ന ബാഴ്‌സലോണ മുഖ്യ പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കി. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ റയോ വല്ലേക്കാനോയോടു തോറ്റ് മണിക്കൂറുകൾക്കകമാണ് പരിശീലകനെ പുറത്താക്കുന്നതായി ക്ലബ് അറിയിച്ചത്. സ്ട്രൈക്കർ മെംഫിസ് ഡിപായ് ലഭിച്ച പെനൽറ്റിയും നഷ്ടമാക്കിയതോടെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയോ വല്ലേക്കാനോ ബാഴ്‌സയെ അട്ടിമറിച്ചത്. ഈ തോൽവിയോടെ 10 കളികളിൽനിന്ന് 15 പോയിന്റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ബാഴ്‌സ. മാത്രമല്ല, യുവേഫ ചാംപ്യൻസ് ലീഗിലും ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ രണ്ടു തോൽവികൾ വഴങ്ങിക്കഴിഞ്ഞു.

ബാഴ്‌സ പരിശീലക സ്ഥാനത്ത് ഒരു വർഷവും രണ്ടു മാസവും പിന്നിടുമ്പോഴാണ് ക്ലബ്ബിന്റെ മുൻ താരം കൂടിയായ ഹോളണ്ടുകാരന് പുറത്തേക്കുള്ള വഴി തെളിയുന്നത്. 1989 മുതൽ 1995 വരെ ബാർസയ്ക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് കൂമാൻ. 1992ലെ ചാംപ്യൻസ് ലീഗ് ഫൈനലിൽ ബാർസയുടെ വിജയഗോൾ നേടിയതും അദ്ദേഹം തന്നെ. 2020 ഓഗസ്റ്റിൽ മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവാണ് കൂമാനെ ബാഴ്സ പരിശീലകനായി നിയോഗിച്ചത്.

ഹോളണ്ട് ദേശീയ ടീമിന്റെയും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൻ, സതാംപ്ടൺ തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് 58 വയസ്സുകാരനായ കൂമാൻ.

കൂമാൻ ചുമതലയേൽക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയായിരുന്നു ക്ലബ്. അതുകൊണ്ടുതന്നെ പരിശീലകനെന്ന നിലയിൽ അദ്ദേഹം ആഗ്രഹിച്ച പിന്തുണ ക്ലബ്ബിൽനിന്നു ലഭിച്ചിരുന്നില്ല. ഈ സീസണിൽ താരങ്ങളെ വാങ്ങാൻ കാര്യമായി പണം ചെലവാക്കാൻ സാധിക്കാതിരുന്ന ബാഴ്‌സ ഫ്രീ ട്രാൻസ്ഫറിൽ മെംഫിസ് ഡിപായ്, സെർജിയോ അഗ്യൂറോ, എറിക് ഗാർഷ്യ തുടങ്ങിയവരെയാണ് ടീമിലെത്തിച്ചത്. ലൂക് ഡി ജോങ്ങിനെ വായ്പാടിസ്ഥാനത്തിൽ സെവിയ്യിൽനിന്നുമെത്തിച്ചു. മാത്രമല്ല, ഇതിഹാസ താരം ലയണൽ മെസ്സി ഈ സീസണിന്റെ തുടക്കത്തിൽ ക്ലബ് വിട്ടതും തിരിച്ചടിയായി.

കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോയിൽ സ്വന്തം തട്ടകത്തിൽ റയൽ മഡ്രിഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാഴ്‌സ തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് റയോ വല്ലേക്കാനോയോടുള്ള തോൽവി. ഇത് കഴിഞ്ഞ നാലു മത്സരങ്ങളിൽ ബാഴ്‌സയുടെ മൂന്നാം തോൽവിയാണ്. മാത്രമല്ല, ഒരു ഗോൾ പോലും നേടാതെ തുടർച്ചയായി മൂന്ന് എവേ മത്സരങ്ങളും ബാഴ്‌സ തോറ്റു. 1987ൽ ഇംഗ്ലിഷ് പരിശീലകൻ ടെറി വെനേബിൾസിന്റെ പുറത്താക്കലിലേക്കു നയിച്ച തുടർ തോൽവികൾക്കുശേഷം ഇത്തരമൊരു തോൽവി ഇതാദ്യമാണ്. ഒരു രക്ഷയുമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പരിശീലകനെ പുറത്താക്കുകയെന്ന കടുത്ത തീരുമാനം ബാഴ്‌സ മാനേജ്മെന്റ് കൈക്കൊണ്ടത്.

ബാഴ്‌സലോണയുടെ ഇതിഹാസ താരം കൂടിയായ മുൻ സ്പാനിഷ് മിഡ്ഫീൽഡർ ചാവി പുതിയ പരിശീലകനാകുമെന്നാണ് സൂചന. നിലവിൽ ഖത്തർ ക്ലബ് അൽ സാദിന്റെ പരിശീലകനാണ് ചാവി. ചാവി അടുത്ത പരിശീലനാകാനാവുമെന്ന സൂചനകൾ ശക്തമാണെങ്കിലും ഇതുവരെ ബാഴ്സയോ, ചാവിയോ പ്രതികരിച്ചിട്ടില്ല.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply