ബെൽജിയത്തെ വീഴ്ത്തി; ഫൈനലിലേക്ക് ഫ്രഞ്ച് പടയുടെ മാർച്ച് | UEFA നേഷൻസ് ലീഗ് വിശേഷങ്ങൾ.

യുവേഫ നേഷൻസ് ലീഗ് രണ്ടാം സെമിയിൽ ഫ്രാൻസിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് ബെൽജിയത്തെ തകർത്തത്. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ഫ്രാൻസ് മൂന്ന് ഗോളുകൾ സ്കോർ ചെയ്തത്.

മത്സരത്തിൽ ഇരുടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ബെൽജിയം ഒരുപടി മികച്ചുനിന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബെൽജിയം രണ്ട് ഗോളുകളുടെ ലീഡ് കണ്ടെത്തി. 37-ാം മിനുട്ടിൽ ഫെറൈരോ കറാസ്‌കോയാണ് ബെൽജിയത്തിന് ആദ്യം ലീഡ് സമ്മാനിച്ചത്. പിന്നീട് 40-ാം മിനുട്ടിൽ ലുക്കാക്കു ബെൽജിയതിന്റെ ലീഡ് രണ്ടായി ഉയർത്തി. രണ്ട് ഗോളുകൾക്കും വഴി ഒരുക്കിയത് കെവിൻ ഡിബ്രൂയ്നെ ആയിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ഉണർന്നു കളിച്ചതോടെ മത്സരത്തിന്റെ ഗതി ആകെ മാറി. വർധിത വീര്യത്തോടെ ഫ്രാൻസ് മുന്നേറിയപ്പോൾ പതിയെ ബെൽജിയം കളി കൈവിട്ടു തുടങ്ങി. 62-ാം മിനുറ്റിൽ എംബാപ്പെയുടെ അസ്സിസ്റ്റിൽ ബെൻസിമ ഫ്രാൻസിനായി ആദ്യ ഗോൾ കണ്ടെത്തിയതോടെ ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചെത്തി. 69-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി എംബാപ്പെ ഗോൾ നേടിയതോടെ ഫ്രാൻസ് സമനില കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ 90-ാം മിനുറ്റിൽ തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനായി വിജയ ഗോൾ കണ്ടെത്തിയത്.

ആദ്യ സെമിയിൽ ഇന്നലെ സ്പെയിൻ ഇറ്റലിയെ പരാജയപ്പെടുത്തിയിരുന്നു. ഒക്ടോബർ പത്തിന് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഇറ്റലി ബെൽജിയത്തെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6:30ക്കാണ് മത്സരം. ഒക്ടോബർ 11ന് പുലർച്ചെ 12:15നാണ് സ്പെയിൻ ഫ്രാൻസ് ഫൈനൽ പോരാട്ടം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply