യുവേഫ നേഷൻസ് ലീഗ് ജേതാക്കളായി ഫ്രാൻസ്. നിലവിൽ ലോക ജേതാക്കളായ ഫ്രാൻസ് ഇന്ന് സ്പെയിനിനെതിരെ നടന്ന ഫൈനൽ പോരാട്ടത്തിൽ 2-1ന്റെ വിജയം സ്വന്തമാക്കി.
ഇറ്റലിയിലെ സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി വളരെ പതിഞ്ഞ താളത്തിലായിരുന്നു മത്സരം പുരോഗമിച്ചത്. ഗോളുകൾ അടിക്കുന്നതിനേക്കാൾ ഗോളുകൾ വഴങ്ങാതിരിക്കാനാണ് ഇരു ടീമുകളും ആദ്യപകുതിയിൽ ശ്രമിച്ചത്. പരസ്പര ബഹുമാനത്തോടെ പ്രതിരോധത്തിലൂഴ്ന്നിയ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ മത്സരം പതിയെ ചൂടുപിടിച്ചു. കുറിയ പാസ്സുകളിലൂടെ സ്പെയിൻ കളി മെനഞ്ഞപ്പോൾ കൗണ്ടർ അറ്റാക്കിങ്ങിലായിരുന്നു ഫ്രാൻസിന്റെ കണ്ണ്. പതിയെ മത്സരത്തിൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു. അറുപത്തിയാറാം മിനുട്ടിൽ സെർജിയോ ബുസ്കറ്റ്സ് ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് ഒയാർസബാൾ ഗോളാക്കിമാറ്റിയതോടെ മത്സരത്തിൽ സ്പെയിൻ ആദ്യം ലീഡ് എടുത്തു. എന്നാൽ സ്പെയിനിന്റെ ലീഡിന് അധികനേരം ആയുസുണ്ടായില്ല രണ്ട് മിനുട്ടിനകം എംബാപ്പെയുടെ അസ്സിസ്റ്റിൽ കരിം ബെൻസിമ ഫ്രാൻസിനായി സമനില പിടിച്ചു. തുടർന്ന് എൺപതാം മിനുട്ടിൽ തിയോ ഹെർണാണ്ടസിന്റെ അസ്സിസ്റ്റിൽ എംബാപ്പെ ഫ്രാൻസിന്റെ രണ്ടാം ഗോളും കണ്ടെത്തി. ബാക്കി സമയത്ത് സമനില ഗോളിനായി സ്പെയിൻ ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ കണ്ടെത്താനാവാതെ വന്നതോടെ ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു.
മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ ഇറ്റലി ബെൽജിയത്തെ 2-1 സ്കോറിന് പരാജയപ്പെടുത്തിയിരുന്നു.
✍? എസ്.കെ.
Leave a reply