റൊണാൾഡോ വന്നശേഷം കളികൾ കൂടുതൽ ബുദ്ധിമുട്ടുള്ളതായി: അൽ നസര്‍ താരം

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ടീമിലെത്തിയ ശേഷം അൽ നസർ ക്ലബിനു കളികൾ കൂടുതൽ ബുദ്ധിമുട്ടേറിയതായെന്നു ക്ലബ്ബിന്റെ ബ്രസീലിയന്‍ മിഡ്ഫീൽഡർ ലുയിസ് ഗുസ്താവോ. അൽ‌ ഫത്തെഹ് ക്ലബുമായുള്ള മത്സരം 2–2 സമനിലയായതിനു പിന്നാലെയാണ് അൽ‌– നസർ താരത്തിന്റെ വെളിപ്പെടുത്തൽ. സൗദി ലീഗിലെ എല്ലാ ക്ലബ്ബുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നല്ല പോരാട്ടം നടത്താനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഗുസ്താവോ പറഞ്ഞു.

 

‘‘ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന താരത്തിന്റെ സാന്നിധ്യം മത്സരങ്ങൾ ഞങ്ങള്‍ക്കു കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി. ഏറ്റവും മികച്ച രീതിയിൽ തന്നെ ക്രിസ്റ്റ്യാനോയ്ക്കെതിരായ മത്സരങ്ങൾ കളിക്കാനാണ് എല്ലാ ടീമുകളും ശ്രമിക്കുന്നത്. റൊണാൾഡോ എല്ലാവർക്കും പ്രചോദനമാകുകയാണ്. അദ്ദേഹത്തിന്റെ വരവ് അൽ നസറിനു വലിയ നേട്ടമാണ്. കാരണം ഓരോ ദിവസവും ഞങ്ങൾ റൊണാൾഡോയിൽനിന്ന് കൂടുതൽ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു.’’– ഗുസ്താവോ പ്രതികരിച്ചു. ‘‘ വെല്ലുവിളികൾ വിജയകരമായി നേരിടുകയെന്നതാണു റൊണാൾഡോയുടെ രീതി. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാണാനാണ് സൗദി ലീഗിൽ എല്ലാവരും വരുന്നത്. അദ്ദേഹം ലീഗിലെ തന്റെ ആദ്യ ഗോൾ നേടിയിരിക്കുന്നു.’’– ബ്രസീൽ താരം വ്യക്തമാക്കി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പെനൽറ്റി ഗോള്‍ നേടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ‌ ഫത്തെഹിനെതിരായ തോൽവി ഒഴിവാക്കിയത്. 93–ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോള്‍ പിറന്നത്.

What’s your Reaction?
+1
3
+1
5
+1
27
+1
7
+1
6
+1
3
+1
2

Leave a reply